ന്യൂഡൽഹി: എൽ.ഡി.എഫിനു പിന്നാലെ യു.ഡി.എഫും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിരിക്കെ ബി.ജെ.പി പട്ടിക ഉടൻ പുറത്തിറക്കാനുള്ള തിടുക്കത്തിലാണ് സംസ്ഥാന, കേന്ദ്ര നേതാക്കാൾ.
കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം ഇന്നലെ രാത്രി ഡൽഹിയിൽ ദേശീയ ആസ്ഥാനത്ത് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളോടൊപ്പമാണ് കേരളത്തെയും പരിഗണിക്കുന്നത്.
ബി.ജെ.പി ഏറെ വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇന്നലെയും സംസ്ഥാന നേതാക്കൾക്ക് ധാരണയിലെത്താനായില്ല. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവർ ശക്തമായി ഇവിടെ അവകാശവാദമുന്നയിക്കുമ്പോൾ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും കച്ചമുറുക്കി നിൽക്കുകയാണ്. ഈ സീറ്റിൽ ആര് മത്സരിക്കുമെന്നത് ബി.ജെ.പിയുടെ സംസ്ഥാനത്തെ മൊത്തം നിലയെ ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സമുദായ സമവാക്യം ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടുമ്പോൾ ശബരിമല സമരനായകത്വമാണ് കെ. സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്നത്. കണ്ണന്താനമാകട്ടെ ബന്ധങ്ങളുടെ കണക്കാണ് നിരത്തുന്നത്. ഏതായാലും ബി.ജെ.പി പട്ടിക ഉടൻ പുറത്തിറക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
കൊല്ലത്തെക്കാൾ നല്ലത് മലപ്പുറമെന്ന് കണ്ണന്താനം
കൊല്ലം മണ്ഡലത്തിൽ തന്നെ പരിഗണിക്കുന്നതിലെ അതൃപ്തി പ്രകടമാക്കിയും പത്തനംതിട്ടയിൽ മത്സരിക്കാനാണ് താത്പര്യമെന്ന് ആവർത്തിച്ചും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം.
സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ അവസരം നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മണ്ഡലത്തിൽപ്പെടുന്ന കാഞ്ഞിരപ്പള്ളിയിൽ എം.എൽ.എയായിരുന്നു. കോട്ടയം കളക്ടറായിരുന്നു.
തനിക്ക് ഒരു വ്യക്തിബന്ധവുമില്ലാത്ത നാടാണ് കൊല്ലം. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ പരിഗണിക്കുന്നതിനെക്കാൾ മലപ്പുറമാണ് നല്ലതെന്നും കണ്ണന്താനം ചില ദൃശ്യമാദ്ധ്യമങ്ങളോട് തുറന്നടിച്ചു.
''ഞാനൊരു കത്തോലിക്കനാണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ നല്ലോണം കത്തോലിക്കരുണ്ട്. എല്ലാ മതക്കാരും എനിക്ക് വേണ്ടി വോട്ടുചെയ്യും. ഞാനവിടെ പ്രവർത്തിച്ച് അത് കാണിച്ചതുമാണ്. എന്റെ ഭാര്യയാണെങ്കിൽ ഓർത്തഡോക്സുകാരിയാണ്. പത്തനംതിട്ട മണ്ഡലത്തിൽപ്പെട്ടതാണ് ഭാര്യയുടെ സ്വദേശം. എനിക്ക് എൻ.എസ്.എസുമായിട്ടും മാർത്തോമ പള്ളിയുമായും എല്ലാവരുമായിട്ടും നല്ല ബന്ധമാണ്. ശബരിമല സമരം നയിച്ചുവെന്നത് മാത്രം നോക്കിയായിരിക്കില്ല ജനം വോട്ടുചെയ്യുക.
40 വർഷത്തെ പൊതുജീവിതത്തിനിടെ രണ്ടാഴ്ച മുമ്പാണ് ആദ്യമായി കൊല്ലത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. ഒരു വ്യക്തിബന്ധവുമില്ലാത്ത നാടാണ് കൊല്ലം. മലപ്പുറത്ത് ഇതിനെക്കാൾ ബന്ധമുണ്ട്.'' രാജ്യസഭയിൽ മൂന്നരവർഷം കൂടി തനിക്ക് കാലാവധിയുണ്ടെന്നും കേന്ദ്രമന്ത്രിയായതിനാൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുകയായിരുന്നെന്നും കണ്ണന്താനം പറഞ്ഞു.