bjp

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയുടെ കേരളത്തിലെ സീറ്റ് വിഭജനം പൂർത്തിയായി. ബി.ജെ.പി 14 സീറ്റിലും ബി.ഡി.ജെ.എസ് അ‌ഞ്ചിലും മത്സരിക്കും. കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിനാണ് ഒരു സീറ്റ്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽസെക്രട്ടറി മുരളീധരറാവു, ബി.ജെ.പി കേരള തിരഞ്ഞെടുപ്പ് നിരീക്ഷകൻ വൈ. സത്യ, ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിലാണ് സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സീറ്റ് വിഭജനം ഇങ്ങനെ

ബി.ജെ.പി - കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആറ്റിങ്ങൽ

ബി.ഡി.ജെ.എസ് : തൃശൂർ, വയനാട്, ആലത്തൂർ, ഇടുക്കി, മാവേലിക്കര

പി.സി. തോമസ് വിഭാഗം : കോട്ടയം (പി.സി. തോമസാണ് സ്ഥാനാർത്ഥി)

മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: തുഷാ‌ർ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെങ്കിൽ രാജിവയ്ക്കും. സ്ഥാനാർത്ഥികളെ രണ്ടുദിവസത്തിനുള്ളിൽ പാർട്ടി കമ്മിറ്റി കൂടിയശേഷം പ്രഖ്യാപിക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെ ബി ടീമാണ് ബി.ഡി.ജെ.എസ് എന്ന് വ്യാഖ്യാനിക്കേണ്ട. എല്ലാ സമുദായത്തിൽ നിന്നുള്ള ആളുകളും പാർട്ടിയിലുണ്ടെന്നും തുഷാർ പറഞ്ഞു.

എം.എൽ.എമാർ രാജിവച്ച്

തിരഞ്ഞെടുപ്പ് നേരിടണം: കൃഷ്ണദാസ്

എൻ.ഡി.എയ്‌ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. എൻ.ഡി.എ പ്രതിനിധികൾ കേരളത്തെ പ്രതിനിധീകരിച്ച് പതിനേഴാം ലോക്സഭയിലുണ്ടാകും. ബി.ഡി.ജെ.എസും ബി.ജെ.പിയും രാമലക്ഷ്മണന്മാരെ പോലെയാണ്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളായത് 9 എം.എൽ.എമാരാണ്. ഉപതിരഞ്ഞെടുപ്പ് നടന്നാൽ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇവരെ സ്ഥാനാർത്ഥികളാക്കിയതെന്നാണ് കോടിയേരി ബാലകൃഷ്ണനും കോൺഗ്രസും പറഞ്ഞത്. അങ്ങനെയെങ്കിൽ ഇവർ രാജിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടണം.