ന്യൂഡൽഹി: വടകരയിൽ കോ ലീ ബി സഖ്യമാണെന്ന സി.പി.എം ആക്ഷേപം ശുദ്ധ അസംബന്ധമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പഴയ കോ ലീ ബി പേരിൽ കോൺഗ്രസിനെ വേട്ടയാടാൻ ശ്രമിച്ചാൽ കേരളീയ സമൂഹം അത് അംഗീകരിക്കില്ല. അന്നു മത്സരിച്ച രത്‌നം സിംഗ് മുഴുവൻസമയ രാഷ്ട്രീയക്കാരൻ പോലുമായിരുന്നില്ല. 1970ൽ പിണറായി വിജയൻ കൂത്തുപറമ്പിൽ അന്നത്തെ ജനസംഘവുമായി ചേർന്നാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പ്രത്യുപകാരമായി ജനസംഘം സ്ഥാനാർത്ഥി കെ.ജി മാരാർക്ക് വേണ്ടി ഇ.എം.എസ് അടക്കമുള്ളവർ പ്രചാരണം നടത്തിയത് ആരും മറന്നുപോയിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ കൊലക്കുറ്റം ചുമത്തപ്പെട്ടവരില്ല. വടകരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് ഞാൻ തന്നെയാവും. അവിടെ പാതി സ്ഥാനാർത്ഥിയായി ഞാനുണ്ടാകും.