sam
SAM

ന്യൂഡൽഹി: ബാലക്കോട്ട് വ്യോമാക്രമണത്തിലെ യഥാർത്ഥ വസ്തുത അറിയേണ്ടതുണ്ടെന്നും സത്യത്തിൽ 300 പേരെ കൊന്നിട്ടുണ്ടോയെന്നും ചോദിച്ച കോൺഗ്രസ് ഓവർസീസ് വിഭാഗം അദ്ധ്യക്ഷൻ സാംപിത്രോഡ വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയപ്പോൾ വിദ്വേഷ പ്രചാരണത്തിന് മോദിയും ബി.ജെ.പിയും വ്യക്തിപരമായ അഭിപ്രായങ്ങൾ ദുരുപയോഗിക്കുകയാണെന്നും തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നീ ചോദ്യങ്ങൾക്ക് രാജ്യത്തോട് മറുപടി പറയണമെന്നും കോൺഗ്രസ് തിരിച്ചടിച്ചു.

പാകിസ്ഥാനെ കുറ്റംപറയാനാവില്ല- പിത്രോഡ
മുംബയ് , പുൽവാമ ഭീകരാക്രമണങ്ങളുടെ പേരിൽ പാകിസ്ഥാനെ മുഴുവൻ കുറ്റപ്പെടുത്താനാവില്ല. കുറച്ച് ഭീകരരുടെ പേരിൽ ആ രാജ്യത്തിലെ എല്ലാ പൗരന്മാരെയും കുറ്റപ്പെടുത്താനാവില്ല. ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ യഥാർത്ഥ വസ്തുതകൾ അറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ട്.

സത്യത്തിൽ നാം ആക്രമിച്ചിരുന്നോ? 300 പേരെ കൊന്നിരുന്നോ? പൗരനെന്ന നിലിൽ അറിയാൻ അവകാശമുണ്ട്. അത് ചോദിക്കുകയെന്നത് എന്റെ കർത്തവ്യമാണ്. ഇതിനർത്ഥം ഞാൻ ദേശസ്നേഹി അല്ലെന്നല്ല. ഞാൻ ആ ഭാഗത്താണ് ഈ ഭാഗത്താണ് എന്നല്ല. വസ്തുതകളറിയണം. 300 പേരെ കൊന്നുവെന്ന് നിങ്ങൾ പറയുകയാണെങ്കിൽ എനിക്ക് അതറിയേണ്ടതുണ്ട്. പാകിസ്ഥാനുമായി സംഭാഷണമാണ് നടത്തേണ്ടത്.

ഞാൻ ഒരു വ്യക്തിയെന്ന നിലയിലാണ് സംസാരിക്കുന്നത്. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിലാണ് സംസാരിക്കുന്നത്. ഞാൻ വികാരത്തിലല്ല, യുക്തിയിലാണ് വിശ്വസിക്കുന്നത്. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റിയാണ് പരാമർശങ്ങൾ ബി.ജെ.പി ഉപയോഗിക്കുന്നതെന്ന് സാംപിത്രോഡ വിശദീകരിച്ചു.

ഇന്ത്യൻ ജനത മാപ്പു തരില്ല - മോദി

പ്രതിപക്ഷം സേനയെ നിരന്തരം അപമാനിക്കുകയാണെന്നും പ്രതിപക്ഷനേതാക്കളുടെ പ്രസ്താവനകളെ ജനങ്ങൾ ചോദ്യം ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 130 കോടി ഇന്ത്യൻ ജനത മാപ്പുതരില്ല. ഇത് പുതിയ ഇന്ത്യയാണ്. ഭീകരർക്ക് അതേഭാഷയിൽ മറുപടി നൽകും. പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷം നമ്മുടെ സൈന്യത്തെ സംശയിക്കുന്നുവെന്നും അവരുടെ ഹൃദയമിടിപ്പ് ഭീകരർക്ക് വേണ്ടിയാണെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷീ ട്വീറ്റ് ചെയ്തു.

പാകിസ്ഥാനെ സന്തോഷിപ്പിക്കുന്നതാണ് പിത്രോഡയുടെ വാക്കുകളെന്നും പ്രസ്താവന ദൗർഭാഗ്യകരമായെന്നും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. സാംപിത്രോഡയ്ക്കെതിരെ ബി.ജെ.പി പ്രവർത്തകർ സോഷ്യൽമീഡിയയിൽ വ്യാപകമായി രംഗത്തെത്തി.