ഇതാ കോഴ രേഖ: കോൺഗ്രസ്
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയാകാൻ എൽ.കെ. അദ്വാനിയുൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾക്കും ബി.ജെ.പി കേന്ദ്രകമ്മിറ്റിക്കും കേസുകളൊഴിവാക്കാൻ ജഡ്ജിമാർക്കുമായി 1800 കോടിയിലധികം രൂപ കോഴ കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നൽകിയതായി എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപണം ഉന്നയിച്ചു. പണം നൽകിയത് രേഖപ്പെടുത്തിയ യെദിയൂരപ്പയുടെ ഒപ്പ് സഹിതമുള്ള 2009ലെ ഡയറിക്കുറിപ്പുകളുടെ യെദിയൂരപ്പയുടെ ഒപ്പ് സഹിതമുള്ള പകർപ്പുകൾ ദി കാരവൻ മാഗസിൻ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണം. ഈ രേഖകൾ 2017 മുതൽ ആദായനികുതി വകുപ്പിന്റെ പക്കലുള്ളതാണെന്നാണ് റിപ്പോർട്ട്. വിഷയം ലോക്പാലിനെകൊണ്ട് അന്വേഷിക്കാൻ കോൺഗ്രസ് കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചു.
യെദിയൂരപ്പയുടെ
കണക്ക് പുസ്തകം
ബി.ജെ.പി കേന്ദ്രകമ്മിറ്റിക്ക് -1000 കോടി
അരുൺജയ്റ്റ്ലിക്ക് - 150 കോടി
നിതിൻ ഗഡ്കരിക്ക് -150 കോടി
രാജ്നാഥ് സിംഗിന്- 100 കോടി
എൽ.കെ. അദ്വാനിക്ക് - 50 കോടി
മുരളീ മനോഹർ ജോഷിക്ക് - 50 കോടി
നിതിൻ ഗഡ്കരിയുടെ മകന്റെ കല്യാണത്തിന് - 10 കോടി
ജഡ്ജിമാർക്ക് - 250 കോടി
അഭിഭാഷകർക്ക് - 50 കോടി
അത് കള്ള രേഖ: ബി.ജെ.പി
ന്യൂഡൽഹി : കോൺഗ്രസിന്റെ കോഴ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡയറിയിലെ കൈയക്ഷരവും ഒപ്പും വ്യാജമാണെന്നും വ്യക്തമാക്കി ബി.ജെ.പി ആരോപണം നിഷേധിച്ചു. യെദിയൂരപ്പയുടെ കൈയക്ഷരത്തിന്റെ പകർപ്പ് കർണാടക ബി.ജെ.പി ട്വീറ്റ് ചെയ്തിട്ടുണ്ട്.
മോദിയുടെ പ്രശസ്തി വർദ്ധിക്കുന്നതിൽ ആശങ്ക പൂണ്ട കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണവും പോരാട്ടവും തുടങ്ങുന്നതിന് മുമ്പ് തന്നെ അവസാനിച്ച മട്ടാണെന്ന് യെദിയൂരപ്പ പ്രസ്താവിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നേരത്തേ തന്നെ ഇവ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. വാർത്ത പുറത്തുവിട്ടവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും യെദിയൂരപ്പ അറിയിച്ചു.
അതേസമയം കോൺഗ്രസ് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി എന്തുകൊണ്ടാണ് വാർത്താസമ്മേളനം വിളിക്കാതിരുന്നത്. ഡി.കെ. ശിവകുമാർ നൽകിയ രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടത്. പരാജയം ഉറപ്പായതോടെ കോൺഗ്രസിന് നില തെറ്റിയെന്നും മന്ത്രി ആരോപിച്ചു.
ഒറിജിനൽ രേഖയല്ല: ആദായനികുതി വകുപ്പ്
ന്യൂഡൽഹി: ബി.ജെ.പി നേതാക്കൾക്ക് പണം നൽകിയതായുള്ള വിവരമടങ്ങിയ യെദിയൂരപ്പയുടെ ഡയറിയുടെ ചില പേജുകളുടെ കോപ്പിയാണ് ഇൻകം ടാക്സ് അധികൃതർ പിടിച്ചെടുത്തത്.
ഇതിന്റെ നിജസ്ഥിതിയിൽ സംശയമുണ്ടെന്നും ഒറിജിനൽ ലഭിച്ചാൽ മാത്രമേ ഫോറൻസിക് പരിശോധനയിലൂടെ ഇത് വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനാവൂ എന്നും ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. യഥാർത്ഥ രേഖകൾ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ലെന്നാണ് വകുപ്പ് പറയുന്നത്. അതിനാൽ ഡയറിയുടെ ചില പേജുകൾ യഥാർത്ഥ രേഖയുടെ പകർപ്പല്ലെന്ന നിഗമനമാണ് ആദായ നികുതി വകുപ്പിന്റേത്. മാത്രമല്ല നികുതി വെട്ടിപ്പിന് പിടിക്കപ്പെട്ട ഡി.കെ. ശിവകുമാറിൽ നിന്ന് ലഭിച്ച രേഖകളാണിത്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് യെദിയൂരപ്പയോട് ആരാഞ്ഞിരുന്നു. അപ്പോൾ വ്യാജരേഖകളാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
ഡയറി പിടിച്ചെടുത്തത് കോൺ.നേതാവിൽ നിന്ന്
യെദിയൂരപ്പയുടേതെന്ന് കരുതുന്ന കർണാടക ലെജിസ്ലേച്ചേഴ്സ് ഡയറിയിലെ കുറിപ്പുകളെ ആധാരമാക്കിയും പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുമാണ് കാരവാന്റെ റിപ്പോർട്ട്.
2009 ജനുവരി 17ൽ എഴുതിയ പേജിലാണ് ബി.ജെ.പി നേതാക്കൾക്ക് പണം നൽകിയത് എഴുതിയിരിക്കുന്നത്. ജനുവരി 18ലെ പേജിലാണ് കേന്ദ്രകമ്മിറ്റിക്ക് പണം കൈമാറിയത് രേഖപ്പെടുത്തിയിരിക്കുന്നത്. 2690 കോടി രൂപ സംഭാവന ലഭിച്ചതായും ഡയറിയിലുണ്ട്.
കോൺഗ്രസ് നേതാവും നിലവിൽ കർണാടകയിലെ ജലവിഭവ വകുപ്പ് മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഈ ഡയറി പിടിച്ചെടുത്തത്. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് കർണാടക ജനതാപക്ഷം പാർട്ടി യെദിയൂരപ്പ രൂപീകരിച്ച കാലയളവിലാണ് കോഴക്കണക്കുകൾ എഴുതിയതെന്നാണ് കരുതപ്പെടുന്നത്. കന്നഡ ഭാഷയിലുള്ളതാണ് കുറിപ്പുകൾ. എല്ലാ പേജിലും ബി.എസ് യെദിയൂരപ്പയെന്ന ഒപ്പുമുണ്ട്.
കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ യെദിയൂരപ്പയുടെ കൈയിൽ നിന്ന് ഡയറി മോഷ്ടിക്കപ്പെട്ട് രാഷ്ട്രീയ എതിരാളിയായ ശിവകുമാറിന് ഖനി രാജാവ് ജനാർദ്ദനറെഡ്ഡിയുടെ സഹായത്തോടെ ലഭിച്ചതാണെന്നാണ് സൂചന. തന്നെ മുഖ്യമന്ത്രിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ജനാർദ്ദന റെഡ്ഡിയാണെന്നും പിന്തുണ ഉറപ്പിക്കാൻ എട്ട് എം.എൽ.എമാർക്കായി 150 കോടി റെഡ്ഡി നൽകിയെന്നും കുറിപ്പിലുണ്ട്.
.
.