yaseen-malik

ന്യൂഡൽഹി : വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘടനയായ ജമ്മുകാശ്മീർ ലിബറേഷൻ ഫ്രണ്ടിനെ ( ജെ.കെ.എൽ.എഫ് ) കേന്ദ്രസർക്കാർ നിരോധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം. ജെ.കെ.എൽ.എഫിന് പാക് ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും ജമ്മുകാശ്മീരിൽ വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കണ്ടെത്തി യു.എ.പി.എ നിയമപ്രകാരമാണ് നടപടി. യാസിൻ മാലിക്ക് ജമ്മുവിലെ കോട്ട് ബൽവാൽ ജയിലിലാണിപ്പോഴുള്ളത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇയാൾ അറസ്റ്രിലായത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം യു.എ.പി.എ നിയമപ്രകാരം നിരോധിക്കപ്പെടുന്ന രണ്ടാമത്തെ സംഘടനയാണിത്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം ജമ്മുകാശ്മീരിലെ ജമാത്തെ ഇസ്‌ലാമിയെ യു.എ.പി.എ നിയമപ്രകാരം അഞ്ചുവർഷത്തേക്ക് നിരോധിച്ചിരുന്നു. പുൽവാമയ്ക്ക് ശേഷം 150 ഓളം വിഘടനവാദികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഭീകരതയ്ക്കെതിരായ ശക്തമായ നടപടികളുടെ ഭാഗമാണ് ജെ.കെ.എൽ.എഫിന്റെ നിരോധനമെന്ന് ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. ജമ്മുകാശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള സംഘടനയാണിതെന്നും കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിലേക്ക് നയിച്ച 1989ലെ കൊലപാതകങ്ങൾക്ക് ഉത്തരവാദിത്വം ജെ.കെ.എൽ.എഫിനാണെന്നും അദ്ദേഹം പറഞ്ഞു.

ജെ.കെ.എൽ.എഫ്

1976ൽ യു.കെയിലെ ബർമിംഗ്ഹാമിൽ പാകിസ്ഥാനി സ്വദേശി അമാനുള്ള ഖാനാണ് ജെ.കെ.എൽ.എഫ് സ്ഥാപിച്ചത്. 1984ൽ യു.കെയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെവധിച്ചതുൾപ്പെടെ നിരവധി ആക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ട്. 37 കേസുകളാണ് സംഘടനയ്‌ക്കെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു കേസിൽ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം നടത്തുന്നുണ്ട്.