ന്യൂഡൽഹി: ശബരിമല സമരം നയിച്ച് ജയിൽ വാസം അനുഭവിച്ച വീരപരിവേഷവുമായി ബി.ജെ.പി
സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ പോരാടാനിറങ്ങും.
അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കെ.സുരേന്ദ്രന്റെ പേര് ബി.ജെ.പി കേന്ദ്രനേതൃത്വം ഇന്നലെ വൈകിട്ടോടെയിറക്കിയ 11 പേരടങ്ങിയ മൂന്നാംഘട്ട പട്ടികയിലാണ് പ്രഖ്യാപിച്ചത്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന പത്തനംതിട്ടയ്ക്കായി സംസ്ഥാന നേതാക്കൾക്കിടയിൽ കടുത്ത മത്സരമുണ്ടായിരുന്നു. ദേശീയ നേതൃത്വം പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ സർവേയിൽ പത്തനംതിട്ടയിൽ ഏറ്റവും വിജയസാദ്ധ്യത കെ.സുരേന്ദ്രനാണെന്ന് കണ്ടെത്തിയതാണ് തുണയായത്.
മാർച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമടങ്ങിയ 184 പേരുടെ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തി പത്തനംതിട്ടയൊഴികെ കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും ജനറൽസെക്രട്ടറി കെ.സുരേന്ദ്രനും ഒരുപോലെ അവകാശവാദമുന്നയിച്ച പത്തനംതിട്ട ഒഴിച്ചിട്ടത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടയാക്കി. ഇന്നലെ രാവിലെയിറക്കിയ ആന്ധ്ര, അസാം, മഹാരാഷ്ട്ര, മേഘാലയ, ഒഡിഷ എന്നിവിടങ്ങളിലെ 36 സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടികയിലും പത്തനംതിട്ട ഉൾപ്പെടാത്തത് അഭ്യൂഹങ്ങൾ ശക്തമാക്കി. ഇതിനിടെ ബി.ജെ.പിയിലേക്ക് പോകുന്നെന്ന വാർത്തകളെ ശക്തമായി നിഷേധിച്ച് രാവിലെ 11 ഓടെ പി.ജെ.കുര്യൻ രംഗത്തെത്തി. പിന്നാലെ വൈകിട്ട് തെലുങ്കാനയിലെ 6, യു.പിയിലെ 3, പശ്ചിമബംഗാളിലെ 1 എന്നീ മണ്ഡലങ്ങളടങ്ങിയ മൂന്നാംഘട്ട പട്ടികയിൽ പത്തനംതിട്ടയും കെ.സുരേന്ദ്രനും ഇടംപിടിക്കുകയായിരുന്നു.