bjp

ന്യൂഡൽഹി:അമേതിയിലെ പരാജയഭീതി മൂലമാണ് രാഹുൽ ഗാന്ധി രണ്ടാംമണ്ഡലം തേടുന്നതെന്നായിരിക്കും ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ പ്രചാരണം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബി.ജെ.പി സ്ഥാനാർത്ഥിയായതോടെ അമേതി കൂടാതെ മറ്റൊരു സുരക്ഷിത മണ്ഡലം രാഹുൽ തേടുന്നത് ഹിന്ദിസംസ്ഥാനങ്ങളിൽ വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്.

രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് നേരത്തേ ആവശ്യമുണ്ടായിരുന്നു. കേരളം, തമിഴ്നാട്, കർണാടക കോൺഗ്രസ് നേതൃത്വങ്ങൾ രാഹുലിനെ ക്ഷണിച്ചിരുന്നു. കേരളത്തിൽ വയനാട്, തമിഴ്നാട്ടിൽ പി.ചിദംബരത്തിന്റെ ശക്തികേന്ദ്രമായ ശിവഗംഗ, കർണാടകയിൽ ബിദാർ എന്നിവയാണ് രാഹുലിനായി നിർദ്ദേശിച്ചത്. രാഗ ഫ്രം കർണാടക എന്ന പേരിൽ കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയ കാമ്പെയ്‌നും നടത്തിയെങ്കിലും രാഹുൽ മനസ് തുറന്നിട്ടില്ല.

അമേതിയിൽ വെല്ലുവിളി ?

യു.പിയിലെ പരമ്പരാഗത കോൺഗ്രസ് മണ്ഡലമാണ് അമേതി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരെ നെ‌ഞ്ചേറ്റിയ കോൺഗ്രസ് കോട്ട.

2004, 2009, 2014 - തുടർച്ചയായി മൂന്നുതവണ രാഹുലിന് വിജയം. 2004 - ഭൂരിപക്ഷം - 2,90,853 . 2009- 3,70,198 , 2014 -1,07903.

മൂന്നാംസ്ഥാനത്തായിരുന്ന ബി.ജെ.പി സ്‌മൃതി ഇറാനിയിലൂടെ മൂന്ന് ലക്ഷത്തിൽ നിന്ന് രാഹുലിന്റെ ഭൂരിപക്ഷം ഒരു ലക്ഷമാക്കി കുറച്ച് 2014ൽ രണ്ടാമതായി. 2017ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് നിയമസഭാ മണ്ഡലങ്ങളും ബി.ജെ.പി നേടി. ഒരു സീറ്റ് എസ്.പിക്കും. കോൺഗ്രസിന് പൂജ്യം.

കേന്ദ്രമന്ത്രിയായതു മുതൽ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമാണ് സ്‌മൃതി ഇറാനി. എന്നാൽ ബി.എസ്.പിയും എസ്.പിയും സ്ഥാനാർത്ഥികളെ നിറുത്താത്തിനാൽ രാഹുലിന്റെ വിജയ തുടർച്ചയ്ക്ക് തടസമില്ലെന്ന് നിരീക്ഷകർ പറയുന്നു.

രണ്ടാം മണ്ഡലം രാഷ്ട്രീയ തിരിച്ചടി?

സുരക്ഷിതമായ രണ്ടാംമണ്ഡലം തേടുന്നുവെന്ന റിപ്പോർട്ടുകൾ വന്നതു മുതൽ അമേതിയിൽ രാഹുൽ ഗാന്ധിക്ക് പരാജയഭീതിയാണെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിക്കുന്നുണ്ട്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടലില്ലാത്ത വയനാട് പോലൊരു മണ്ഡലത്തിൽ മത്സരിക്കുന്നത് ആയുധമാക്കും. പ്രിയങ്കയെ ഇറക്കി യു.പി പിടിക്കാനൊരുങ്ങുന്ന കോൺഗ്രസ്, പ്രിയങ്കയുടെ പരിധിയിലുള്ള അമേതിയെ സുരക്ഷിതമായി കാണുന്നില്ലെന്നാണ് ആക്ഷേപം.

ദേശീയതലത്തിൽ മോദിക്കെതിരെ ആഞ്ഞടിക്കുന്ന രാഹുൽ വയനാട്ടിൽ സി.പി.ഐക്കെതിരെ മത്സരിക്കുമ്പോൾ ആർക്കെതിരെയാണ് പോരാട്ടമെന്ന ചോദ്യമുയരും. കേന്ദ്രത്തിൽ ബി.ജെ.പി വിരുദ്ധ സർക്കാരുണ്ടാക്കാൻ യു.പി.എയ്ക്ക് പിന്തുണ നൽകുമെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിരിക്കെ രാഹുൽ ബി.ജെ.പി നേരിട്ട് മത്സരിക്കാത്ത മണ്ഡലത്തിൽ രംഗത്തിറങ്ങുന്നത് ഉചിതമാണോ എന്നാണ് ചോദ്യം. ദക്ഷിണേന്ത്യയിൽ ആവേശമാകാനാണെങ്കിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കർണാടകയിൽ മത്സരിക്കുന്നതാണ് ഉചിതമെന്നുമാണ് നിരീക്ഷകരുടെ വാദം.