rahul-gandhi

ഇന്ന് കോൺ. പ്രവർത്തക സമിതി തീരുമാനിച്ചേക്കും :

വയനാട് ഒഴിവാക്കി കോൺഗ്രസിന്റെ ഒൻപതാം പട്ടിക

ശിവഗംഗയിൽ കാർത്തി ചിദംബരം

ബംഗളുരു സൗത്തിൽ ബി.കെ ഹരിപ്രസാദ്

ന്യൂഡൽഹി:കേരളത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന സൂചനകൾ ശക്തമാക്കി വയനാട് ഒഴിവാക്കി കോൺഗ്രസ് ഒൻപതാം സ്ഥാനാർത്ഥി പട്ടിക ഇന്നലെ പുറത്തിറക്കി. തമിഴ്‌നാട്ടിൽ രാഹുലിന്റെ രണ്ടാം മണ്ഡലമാകുമെന്ന് കേട്ട ശിവഗംഗയിലും കർണാടകത്തിൽ രാഹുലിന്റെയും പ്രധാനമന്ത്രി മോദിയുടെയും രണ്ടാം മണ്ഡലമാകുമെന്ന് കേട്ട ബംഗളുരു സൗത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ രാഹുലിന്റെ പേരിൽ കേട്ട കർണാടകയിലെ ബിദാറിലും കഴി‌ഞ്ഞദിവസം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ പേരു പറഞ്ഞുകേൾക്കുന്നതിൽ ഇനി വയനാട് മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്.

കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് ശിവഗംഗയിലെ സ്ഥാനാർത്ഥി. കഴിഞ്ഞതവണ കാർത്തി ഇവിടെ പരാജയപ്പെട്ടതാണ്. ബംഗളുരു സൗത്തിൽ ബി.കെ ഹരിപ്രസാദ് മത്സരിക്കും. ഇതുൾപ്പെടെ 10 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്.

ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗവും കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനമുണ്ടായേക്കും. വയനാട്ടിൽ മത്സരിക്കണമെന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം രാഹുൽ സജീവമായി പരിഗണിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ താരിഖ് അൻവർ ബീഹാറിലെ കത്തിഹാറിൽ മത്സരിക്കും. സോണിയഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ശരദ്പവാറിനൊപ്പം എൻ.സി.പിയുണ്ടാക്കിയ താരിഖ് അൻവർ ഒക്ടോബറിലാണ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്.