ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ 5 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷം കുറഞ്ഞ വരുമാനം 72,000 രൂപ ഉറപ്പാക്കുന്ന ന്യായ് (ന്യുത്തം ആയ് യോജന) പദ്ധതി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്തെ 20 ശതമാനം കുടുംബങ്ങൾക്ക് നേട്ടമാകുന്ന പദ്ധതിയുടെ ഗുണം 25 കോടി ജനങ്ങൾക്ക് നേരിട്ട് ലഭിക്കുമെന്നും കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.
കേന്ദ്രസർക്കാർ കണക്ക് പ്രകാരം അഞ്ചു കോടി കുടുംബങ്ങളുടെ മാസവരുമാനം 12000 രൂപയിൽ താഴെയാണ്. ഈ ഡാറ്റ അടിസ്ഥാനമാക്കിയാണ് എല്ലാവർക്കും മാസം കുറഞ്ഞ വരുമാനം 12000 രൂപ ഉറപ്പാക്കാനുള്ള പദ്ധതി കോൺഗ്രസ് മുന്നോട്ടുവച്ചത്. ഒരു കുടുംബത്തിന് മാസം 6000 രൂപ വരുമാനമാണുള്ളതെങ്കിൽ ബാക്കി തുക സർക്കാർ നേരിട്ട് അക്കൗണ്ടിലൂടെ കൈമാറിയാണ് 12000 രൂപ ഉറപ്പാക്കുക.
മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ദ്ധരടങ്ങിയ ടീം പദ്ധതി തയ്യാറാക്കുകയാണെന്നും എങ്ങനെ നടപ്പാക്കും, എത്ര രൂപ ഇതിനായി ആവശ്യം വരും തുടങ്ങിയ വിശദാംശങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അറിയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ദാരിദ്ര്യം തുടച്ചുനീക്കും: രാഹുൽ
ദാരിദ്ര്യത്തിനെതിരെയുള്ള അന്തിമപോരാട്ടം തുടങ്ങിയെന്ന് രാഹുൽഗാന്ധി പറഞ്ഞു. രാജ്യത്തു നിന്ന് ദാരിദ്ര്യം തുടച്ചുനീക്കും. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾ ഒരുപാട് സഹിച്ചു. ജനങ്ങൾക്ക് നീതിയുറപ്പാക്കും. ലോകത്ത് ഒരു രാജ്യത്തും ഇത്ര വലിയൊരു പദ്ധതി നിലവിലില്ല.
തിരഞ്ഞെടുപ്പ് ആയുധം
മിനിമം വരുമാനം വാഗ്ദാനമായിരിക്കും കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് ആയുധം. ചെറുകിട കർഷകർക്ക് വർഷം 6000 രൂപ നേരിട്ട് കൈമാറൽ, അസംഘടിത മേഖലയിൽ ഇൻഷ്വറൻസ്, ആദായനികുതി പരിധിയിൽ ഇളവ് തുടങ്ങിയ ജനപ്രിയ പദ്ധതികൾ മുന്നോട്ടുവച്ച ബി.ജെ.പി നീക്കത്തെ മറികടക്കാനാണ് എല്ലാവർക്കും മിനിമം വരുമാനം പദ്ധതി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.