ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയും കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയും ചേരുന്നതിനാൽ ഇന്നലെ തീരുമാനം വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. അതേസമയം രാഹുൽ വയനാട് മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ലെന്ന് എ.ഐ.സി.സി വക്താവ് രൺദീപ്സിംഗ് സുർജേവാല മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഹുൽഗാന്ധി തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്ന ആവശ്യം കേരളം, തമിഴ്നാട്, കർണാടക കോൺഗ്രസ് നേതൃത്വങ്ങൾ രേഖാമൂലവും വാക്കാലും ഉന്നയിച്ചിട്ടുണ്ട്. അവരുടെ വികാരത്തെ ഞങ്ങൾ മാനിക്കുന്നു. പക്ഷേ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. തീരുമാനമെടുത്താൽ പാർട്ടി അറിയിക്കും. അമേതിയാണ് രാഹുൽഗാന്ധിയുടെ കർമ്മഭൂമിയെന്നും അത് എപ്പോഴും അങ്ങനെതന്നെ തുടരുമെന്നും സുർജേവാല പറഞ്ഞു.
ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗം തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ മിനിമം വരുമാനം ഉറപ്പാക്കുന്നത് സംബന്ധിച്ചാണ് ചർച്ചചെയ്തത്. പദ്ധതി പ്രഖ്യാപിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മറ്റു ചോദ്യങ്ങളോട് പ്രതികരിക്കാനും തയാറായില്ല.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയെ കൂടാതെ ദക്ഷിണേന്ത്യയിൽ കൂടി മത്സരിക്കുമെന്ന സൂചനകളുള്ളതിനാൽ ബി.ജെ.പിയുടെ തീരുമാനത്തിന് കോൺഗ്രസ് കാത്തുനിൽക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.