sabarimala

ന്യൂഡൽഹി: ഹൈക്കോടതിയിലെ ശബരിമല ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളിൽ മാറ്റംവരുത്താൻ ഹൈക്കോടതിയെ തന്നെ സമീപിക്കാനും നിർദ്ദേശിച്ചു.
ശബരിമലയിൽ യുവതീ പ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ശബരിമലയിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജികളിൽ ക്രമസമാധാന പാലനത്തിനൊഴികെയുള്ള നിയന്ത്രണങ്ങൾ റദ്ദാക്കിയ ഹൈക്കോടതി മേൽനോട്ടത്തിന് മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ചു. ഇതുൾപ്പെടെ ചോദ്യം ചെയ്താണ് ഹർജികൾ മാറ്റാൻ സംസ്ഥാനം ആവശ്യപ്പെട്ടത്.

നിരീക്ഷക സമിതിക്കെതിരെ നൽകിയ ഹർജിയും കോടതി അംഗീകരിച്ചില്ല.ശബരിമലയിൽ സ്വകാര്യ വാഹനങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ആർ.വി. ബാബു നൽകിയ ഹർജിയും സുപ്രീംകോടതി തള്ളി.