ന്യൂഡൽഹി:ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കുന്നത് വർദ്ധിപ്പിക്കാനാകില്ലേയെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വാക്കാൽ ചോദിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുൻപ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണണമെന്ന ആവശ്യത്തിൽ വിശദമായ സത്യവാങ്മൂലം വ്യാഴാഴ്ച സമർപ്പിക്കാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചു. വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണൽ വർദ്ധിപ്പിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. എന്നാൽ കമ്മിഷൻ അനുകൂല നിലപാടെടുത്തില്ല. തുടർന്നാണ്
ഒരു ബൂത്തിലെ വിവിപാറ്റ് രസീത് മാത്രം എണ്ണിയാൽ മതിയെന്നതിനുള്ള കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം വ്യാഴാഴ്ച നാലു മണിക്ക് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്.
വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രം എണ്ണാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. ഇത് ആകെ പോൾചെയ്യുന്ന വോട്ടിന്റെ 0.44 ശതമാനം മാത്രമാണെന്നും ഇത് തിരഞ്ഞെടുപ്പ് വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടിയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.
മാർച്ച് 15ന് ഹർജി പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച കോടതി കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ കോടതിയെ സഹായിക്കാൻ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ഇന്നലെ കോടതിയിൽ ഹാജരായ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ സുദീപ് ജെയിൻ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
എന്തൂട്ടാണ് ഈ വിവിപാറ്റ്
വിവിപാറ്റ് യന്ത്രത്തിൽ ഏഴ് സെക്കൻഡ് സമയം വോട്ടിംഗ് സ്ലിപ്പ് തെളിയും. വോട്ട് രജിസ്റ്റർ ആയാൽ 20 സെക്കന്റിനുള്ളിൽ നാം വോട്ട് ചെയ്തയാളുടെ ചിത്രവും പേരും തെളിഞ്ഞുവരും. അതിനു ശേഷം ഈ സ്ളിപ്പ് ഓട്ടോമാറ്റിക്കായി വിവിപാറ്റിനൊപ്പമുള്ള കളക്ഷൻ ബോക്സിലേക്ക് മുറിഞ്ഞുവീഴും. അപര സ്ഥാനാർത്ഥികൾ മൂലം വോട്ടർമാർക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ ഇതിലൂടെ കഴിയും. എന്നാൽ, തിരുത്താൻ അവസരമുണ്ടാവില്ല. വ്യാജവോട്ട് പരാതിയെ തുടർന്ന് 2013ലാണ് ഇലക്ഷൻ കമ്മിഷൻ വിവിപാറ്റ് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. ഇലക്ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യയും (ഇ.സി.ഐ.എൽ) ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡും (ഭെൽ) ചേർന്നാണ് വിവിപാറ്റിന് രൂപം നൽകിയത്.
വോട്ടെടുപ്പ് പൂർത്തിയായാൽ വോട്ടിംഗ് യന്ത്രത്തോടൊപ്പം വിവിപാറ്റ് മെഷീനും സീൽ ചെയ്തു സൂക്ഷിക്കും. വോട്ടറുടെ വിശദാംശങ്ങൾ ഈ മെഷീനിൽ ഉണ്ടാവില്ല.