രാജ്യത്തെ പാവപ്പെട്ട അഞ്ചുകോടി കുടുംബങ്ങൾക്ക് വർഷം 72000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയുടെ പണം ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
നഗര, ഗ്രാമീണ മേഖലകളിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങളും പദ്ധതിക്ക് കീഴിൽവരുമെന്നും കോൺഗ്രസ് പദ്ധതി നടപ്പാക്കുമ്പോൾ നിലവിലെ സബ്സിഡികൾ വെട്ടിക്കുറയ്ക്കുകയോ, മറ്റ് പദ്ധതികൾ റദ്ദാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരണത്തിൻ കീഴിൽ രാജ്യത്തെ പട്ടിണി കുറഞ്ഞതായി 2016 -17ലെ മോദി സർക്കാരിന്റെ സാമ്പത്തിക സർവേ അംഗീകരിക്കുന്നുണ്ട്.
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 70 ശതമാനമായിരുന്ന ദാരിദ്ര്യം 2011 -12 ആയപ്പോഴേക്കും 22 ശതമാനമായി കുറഞ്ഞു. ചരിത്രപരമായ ന്യായ് പദ്ധതിയിലൂടെ അവശേഷിക്കുന്ന പട്ടിണികൂടി ഇല്ലാതാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയും ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമ്മാർജന പദ്ധതിയെ എതിർക്കുകയാണ്. സുഹൃത്തുക്കളായ കോർപറേറ്റുകളുടെ 3.17 ലക്ഷം കോടി സന്തോഷത്തോടെ എഴുതിത്തള്ളിയ, പത്തുലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന മോദി പാവങ്ങൾക്ക് 6000 രൂപ ആശ്വാസം നൽകുമ്പോൾ എതിര് നിൽക്കുകയാണെന്നും സുർജേവാല ആരോപിച്ചു.