ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലും തമിഴ്നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പ്രഷർകുക്കർ തിരഞ്ഞെടുപ്പ് ചിഹ്നമായി വേണമെന്ന അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) നേതാവ് ടി.ടി.വി ദിനകരന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. എന്നാൽ എ.എം.എം.കെ സ്ഥാനാർത്ഥികൾക്ക് സ്വതന്ത്ര ചിഹ്നങ്ങളിലേതെങ്കിലുമൊന്ന് പൊതുവായി അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ദിനകരൻ ഗ്രൂപ്പിനെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കുന്നതല്ല ഉത്തരവെന്നും ഇവരുടെ സ്ഥാനാർത്ഥികളെ സ്വതന്ത്ര സ്ഥാനാർത്ഥികളായി തന്നെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
'എ.ഐ.എ.ഡി.എം.കെ" എന്ന പേരും രണ്ടില ചിഹ്നവും തമിഴ്നാട് മുഖ്യമന്ത്രി പളനിസാമി, ഉപമുഖ്യമന്ത്രി പനീർശെൽവം എന്നിവരുൾപ്പെട്ട വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത് ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ദിനകരൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എ.എം.എം.കെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യാനും പൊതുചിഹ്നം ലഭിക്കാനും അപേക്ഷ നൽകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. രണ്ടില ചിഹ്നത്തിനുള്ള അവകാശവാദം അവസാനിച്ച വിഷയമാണ്. പ്രഷർകുക്കർ ചിഹ്നം വ്യക്തികൾക്ക് ലഭിക്കും. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ എ.എം.എം.കെ ഗ്രൂപ്പിന് പൊതുചിഹ്നമായി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയിലുണ്ടായ പിളർപ്പിനെ തുടർന്ന് 2017 നവംബർ 23നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പളനിസാമി, പനീർശെൽവം വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചത്. ഇതിനെതിരെ ദിനകരനും ജയലളിതയുടെ തോഴി ശശികലയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല.
ജയലളിതയുടെ ആർ.കെ നഗർ മണ്ഡലത്തിൽ പ്രഷർ കുക്കർ ചിഹ്നത്തിൽ മത്സരിച്ച ദിനകരൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാമണ്ഡലങ്ങളിലെയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചു.