ന്യൂഡൽഹി: അയോദ്ധ്യ മദ്ധ്യസ്ഥ സമിതി വിപുലീകരിക്കണമെന്നും സിറ്റിംഗ് ഫൈസാബാദിൽ നിന്ന് മറ്റേതെങ്കിലും നിക്ഷപക്ഷ സ്ഥലത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രധാനകക്ഷിയായ നിർമോഹി അഖാഡ സുപ്രീംകോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച സമിതിയുടെ ആഭിമുഖ്യത്തിൽ കേസിലെ യഥാർത്ഥ കക്ഷികളായ നിർമോഹി അഖാഡയും യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡും തമ്മിലാണ് ആദ്യം ചർച്ചകൾ നടക്കേണ്ടത്. രണ്ടോ അതിലധികമോ റിട്ട. സുപ്രീംകോടതി ജഡ്ജിമാരെകൂടി സമിതിയിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. തർക്കഭൂമിയുൾപ്പെടുന്ന ഫൈസാബാദിൽ നിന്ന് സമിതിയുടെ സിറ്റിംഗ് കക്ഷികൾക്ക് മതിയായ സുരക്ഷയുള്ള ന്യൂഡൽഹിയിലോ മറ്റ് നിക്ഷപക്ഷ സ്ഥലത്തേക്കോ മാറ്റണമെന്നും ആവശ്യപ്പെട്ടു.
രാമജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ മാർച്ച് എട്ടിന് സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള ചെയർമാനും ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളായുമുള്ള സമിതിയെ സുപ്രീംകോടതി നിയമിച്ചിരുന്നു. മാർച്ച് 13ന് ആരംഭിച്ച സമിതിയുടെ സിറ്റിംഗ് ഫൈസാബാദിൽ തുടരുകയാണ്. ഇന്നു മുതൽ 29വരെയാണ് അടുത്ത സിറ്റിംഗ്.