ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വരുൺ ഗാന്ധി യു.പിയിൽ ബി.ജെ.പി ടിക്കറ്റിൽ തന്നെ മത്സരിക്കും. ചൊവ്വാഴ്ച വൈകിട്ട് ബി.ജെ.പി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിലാണ് വരുണിന്റെയും അമ്മയും കേന്ദ്രമന്ത്രിയുമായ മേനകയുടേയും പേരുള്ളത്. മേനകാ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്. വരുൺ ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. മേനക ഗാന്ധി വരുണിന്റെ മണ്ഡലമായിരുന്ന സുൽത്താൻപുരിൽ മത്സരിക്കും.
അഞ്ചു തവണ യു.പിയിലെ പിലിഭിത്തിൽ നിന്ന് മേനക ലോക്സഭയിലെത്തിയിട്ടുണ്ട്. 2009ൽ വരുൺഗാന്ധിക്കായി മണ്ഡലം ഒഴിഞ്ഞ് അനോലയിൽ നിന്ന് എം.പിയായി. 2014ൽ വരുൺ സുൽത്താൻപൂരിലേക്ക് പോയപ്പോൾ മേനക പിലിഭിത്തിലേക്ക് മടങ്ങി.
മുൻ കോൺഗ്രസ് നേതാവും യു.പി മന്ത്രിയുമായ റീത്ത ബഹുഗുണ ജോഷി അലഹബാദിൽ മത്സരിക്കും. ഇവിടത്തെ ബി.ജെ.പി സിറ്റിംഗ് എം.പി ശ്യാംചരൺ ഗുപ്ത എസ്.പിയിൽ ചേർന്നിരുന്നു. യു.പിയിലെ 29 , പശ്ചിമബംഗാളിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് ഇന്നലെ പുറത്തുവന്നത്.
മുരളീ മനോഹർ ജോഷി പുറത്ത്
എൽ.കെ അദ്വാനിക്ക് പിറകെ മുതിർന്ന നേതാവ് ഡോ. മുരളീ മനോഹർ ജോഷിക്കും ലോക്സഭാ സീറ്റ് ബി.ജെ.പി നിഷേധിച്ചു. ജോഷിയുടെ സിറ്റിംഗ് മണ്ഡലമായ കാൺപൂരിൽ ഉത്തർ പ്രദേശ് മന്ത്രി സത്യദേവ് പച്ചൗരിയാണ് സ്ഥാനാർത്ഥി.സീറ്റ് നിഷേധിച്ചതിൽ ജോഷി നേതൃത്വത്തെ പ്രതിഷേധമറിയിച്ചതായാണ് സൂചനകൾ. ബി.ജെ.പി ജനറൽ സെക്രട്ടറി രാംലാൽ തന്നോട് മത്സരിക്കേണ്ടെന്ന് ആവശ്യപ്പെട്ടതായി കാൺപൂരിലെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി മോദി ഉൾപ്പെട്ടെ 184പേരുടെ ആദ്യഘട്ടപട്ടികയിൽ നിന്ന് മുതിർന്ന നേതാവും സിറ്റിംഗ് എം.പിയുമായ എൽ.കെ. അദ്വാനിയെ ഒഴിവാക്കിയിരുന്നു. അദ്വാനിയുടെ മണ്ഡലമായ ഗുജറാത്തിലെ ഗാന്ധിനഗറിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ജനവിധി തേടുന്നത്.
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മത്സരിക്കാനായി വാരണാസി മണ്ഡലം നിർബന്ധപൂർവം ഒഴിയേണ്ടിവന്നതിനാൽ കാൺപൂർ സീറ്റ് നൽകുകയായിരുന്നു. എൺപത്തിയഞ്ചുകാരനായ ജോഷി കാൺപൂരിൽ റെക്കാർഡ് വിജയമാണ് നേടിയത്. മോദി,അമിത് ഷാ നേതൃത്വത്തിൽ അതൃപ്തിയുള്ള ജോഷിക്ക് ഇക്കുറി സീറ്റ് നൽകില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ വിവിധ നടപടികളിലും വിമർശനമുന്നയിച്ചിരുന്നു. പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റി അദ്ധ്യക്ഷനെന്ന നിലയിൽ മോദിസർക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാൻ ഉൾപ്പെടെയുള്ളവയുടെ നടത്തിപ്പിലെ പാളിച്ചകൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.