ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി ഒരേ സമയം രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജിയിൽ സുപ്രീം കോടതി രണ്ടാഴ്ചയ്‌ക്കു ശേഷം വാദം കേൾക്കും. ഒരാൾക്ക് ഒരേസമയം രണ്ടിടത്ത് മത്സരിക്കാൻ 1951ലെ ജനപ്രാതിനിധ്യ നിയമം അനുമതി നൽകുന്നുണ്ട്. ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാദ്ധ്യായയാണ് ഹർജി നൽകിയത്.
ഒരു വ്യക്തി, ഒരു വോട്ട്, ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലം എന്നതാണ് ജനാധിപത്യത്തിന്റെ പ്രമാണമെന്നും, നിലവിലെ നിയമം അതിനു വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഒരാൾ രണ്ടു സീറ്റിലും ജയിച്ചാലും ഒരിടത്തേ തുടരാനാവൂ. ഇത് ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത് വോട്ടർമാരോടുള്ള അനീതിയാണെന്നും ഹർജിയിൽ പറയുന്നു.
കമ്മിഷൻ നിലപാട്
ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും എതിർപ്പാണ്. കഴിഞ്ഞവർഷം ഈ നിലപാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 2004 മുതൽ തിരഞ്ഞെടുപ്പു ചട്ടങ്ങളിൽ കമ്മിഷൻ പരിഷ്‌കാരം ആവശ്യപ്പെടുന്നുമുണ്ട്. വ്യവസ്ഥ ഒഴിവാക്കാൻ കഴിയില്ലെങ്കിൽ രണ്ടു മണ്ഡലങ്ങളിൽ വിജയിക്കുന്ന സ്ഥാനാർത്ഥി, ഒഴിയുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് വഹിക്കണമെന്ന നിർദ്ദേശം കമ്മിഷൻ മുന്നോട്ടുവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അഞ്ചു ലക്ഷവും ലോക്‌സഭയിലാണെങ്കിൽ 10 ലക്ഷം രൂപയും ഇതിനായി സ്ഥാനാർത്ഥി കെട്ടിവയ്ക്കണമെന്നാണ് ശുപാർശ.
മോദി- 2, വാജ്പേയി -3,
2014- ൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും മത്സരിച്ച നരേന്ദ്രമോദി രണ്ടിടത്തും വിജയിച്ചു. തുടർന്ന് വഡോദര ഒഴിഞ്ഞു. ഇക്കുറി വാരണാസി കൂടാതെ ദക്ഷിണേന്ത്യയിൽ എവിടെയെങ്കിലും മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമേതിയെ കൂടാതെ കേരളത്തിലെ വയനാടോ ദക്ഷിണേന്ത്യയിലെ മറ്റേതെങ്കിലും മണ്ഡലമോ രണ്ടാം മണ്ഡലമായി തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്.
1957-ൽ ഉത്തർപ്രദേശിലെ ബൽരാംപുർ, മഥുര, ലക്‌നൗ മണ്ഡലങ്ങളിൽ നിന്ന് ഒരേസമയം മത്സരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി ബൽരാംപുരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.1980-ൽ ഇന്ദിരാഗാന്ധി റായ്ബറേലിക്കൊപ്പം തെലുങ്കാനയിലെ മേധകിൽ നിന്നും ജനവിധി തേടി. രണ്ടിടത്തും വിജയിച്ച ഇന്ദിര മേധക് ഒഴിഞ്ഞു.1996-ൽ ജനപ്രാതിനിത്യ നിയമം ഭേദഗതി ചെയ്‌താണ് ഒരാൾക്കു മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടാക്കിയത്.