modi-tweet-

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തിയ ശേഷമാണ് ഉപഗ്രഹ വേധ മിസൈൽ പരീക്ഷണ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിൽ രാജ്യത്തെ അറിയിച്ചത്. സുപ്രധാന പ്രഖ്യാപനത്തിനായി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന മോദിയുടെ ട്വിറ്റർ സന്ദേശം ഏറെ അഭ്യൂഹങ്ങൾക്ക് വഴിയിട്ടിരുന്നു. അതോടെ പ്രതിപക്ഷ കക്ഷികൾക്കൊപ്പം ജനങ്ങളും ഒരു സസ്‌പെൻസിൽ കാത്തിരുന്നു.

ഇന്നലെ രാവിലെ 11.20നാണ് ചൗക്കീദാർ നരേന്ദ്രമോദി എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് പ്രധാനമന്ത്രിയുടെ അറിയിപ്പ് വന്നത്. രാവിലെ 11.45നും 12നും ഇടയിൽ സുപ്രധാന സന്ദേശം നൽകാൻ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെന്ന്. ടെലിവിഷനിലും റേഡിയോയിലും സമൂഹമാദ്ധ്യമങ്ങളിലും പ്രസംഗം ശ്രദ്ധിക്കണം.

തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്തിനെന്ന ആകാംക്ഷയായി. രാവിലെ പ്രതിരോധ മന്ത്രിതല സമിതിയുടെ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതിനാൽ അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ടാകുമെന്ന് കരുതി. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യ പ്രകോപനം സൃഷ്‌ടിക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്‌താവന അതിന് ബലമേകി. അതല്ല, വലിയൊരു സാമ്പത്തിക പ്രഖ്യാപനമാണ് വരുന്നതെന്ന് മറ്റു ചിലർ.

2016 നവംബർ എട്ടിന് നോട്ട് നിരോധനം നടപ്പാക്കിയതും പിന്നീട് വനിതകൾക്ക്ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും രാജ്യത്തെ അഭിസംബോധന ചെയ്‌താണ്. പക്ഷേ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അത്തരം പ്രഖ്യാപനങ്ങളാകില്ലെന്ന് ഉറപ്പായിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രദ്ധിക്കണമെന്ന് ചില പ്രതിപക്ഷ നേതാക്കൾ പ്രസ്‌താവനയിറക്കി.

ഉച്ചയ്‌ക്ക് 12മണി കഴിഞ്ഞിട്ടും പ്രഖ്യാപനം വന്നില്ല. സസ്‌പെൻസ് മുറ്റി നിന്ന 20 മിനിട്ടുകൾ കൂടി കടന്നു പോയ ശേഷമാണ് പ്രധാനമന്ത്രി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. നാടകീയ തുടക്കം: "ഇന്ന് മാർച്ച് 27. കുറച്ചു നിമിഷങ്ങൾക്ക്മുൻപ് ഭാരതം ഒരു അപൂർവ്വ നേട്ടം സ്വന്തമാക്കി. ഇന്ത്യ ബഹിരാകാശ ശക്തിയായി കഴിവു തെളിയിച്ചു". പ്രധാനമന്ത്രി പറഞ്ഞു തുടങ്ങിയതോടെ വൻ സ്‌ഫോടനം പ്രതീക്ഷിച്ചവർ ആശ്വാസം കൊണ്ടു.