ന്യൂഡൽഹി: അപകടത്തിൽപ്പെട്ട മാദ്ധ്യമപ്രവർത്തകനെ ആശുപത്രിയിലെത്തിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്ക് സോഷ്യൽ മീഡിയയുടെ കൈയടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഡൽഹി ഹുമയൂൺ റോഡിൽവച്ച് വാഹനമിടിച്ച് പരിക്കേറ്റ രാജസ്ഥാനിൽനിന്നുള്ള മാദ്ധ്യമപ്രവർത്തകൻ രാജേന്ദ്രവ്യാസിനാണ് രാഹുലിന്റെ കൈസഹായമുണ്ടായത്. അതുവഴിവന്ന രാഹുൽ വാഹനം നിറുത്തിയിറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രാജേന്ദ്രവ്യാസിനെ സ്വന്തംവാഹനത്തിൽ കയറ്റി ഡൽഹി എയിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാസിനെ ശുശ്രൂഷിക്കുന്ന രാഹുലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വ്യാസിന്റെ പരിക്ക് ഗുരുതരമല്ല.