ന്യൂഡൽഹി: തൊഴിലാളികൾക്ക് പ്രതിമാസം 18,000 രൂപ കുറഞ്ഞ വേതനവും 6000 രൂപ കുറഞ്ഞ വാർദ്ധക്യ പെൻഷനും അടക്കമുള്ള വാഗ്ദാനങ്ങളുമായി സി.പി.എം പ്രകടന പത്രിക പുറത്തിറക്കി. സ്വകാര്യ മേഖലയിലും പട്ടികജാതി, പട്ടികവർഗ സംവരണം ഉറപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.
ബി.ജെ.പി മുന്നണിയെ പരാജയപ്പെടുത്താനും ലോക്‌സഭയിൽ ഇടത് എം.പിമാരുടെ എണ്ണം വർദ്ധിപ്പിക്കാനും പ്രകടനപത്രിക ലക്ഷ്യമിടുന്നതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭിന്നശേഷിക്കാർക്കായി പ്രകടനപത്രികയുടെ ശബ്‌ദരേഖയും പുറത്തിറക്കി.
കോൺഗ്രസ് പ്രഖ്യാപിച്ച 12,000 രൂപ കുറഞ്ഞ വരുമാനത്തിന്റെ ചുവടുപിടിച്ചാണ് ഏറെക്കാലമായി തൊഴിലാളികൾ ആവശ്യപ്പെടുന്ന 18,000 രൂപ കുറഞ്ഞ വേതനം എന്ന വാഗ്ദാനം പ്രകടനപത്രികയിൽ സി.പി.എം ഉൾക്കൊള്ളിച്ചത്. പ്രതിമാസ വാർദ്ധക്യ പെൻഷൻ കുറഞ്ഞ വേതനത്തിന്റെ പകുതിയോ 6000 രൂപയോ ഏതാണ‌് കൂടുതൽ അത് നൽകും
യെച്ചൂരിക്കൊപ്പം പി.ബി അംഗങ്ങളായ പ്രകാശ‌് കാരാട്ട‌്, എസ‌്. രാമചന്ദ്രൻപിള്ള, വൃന്ദാ കാരാട്ട‌്, സുഭാഷിണി അലി, ഹനൻ മൊള്ള, നീലോത‌്പൽ ബസു എന്നിവർ ചേർന്നാണ‌് പ്രകടനപത്രിക പ്രകാശനം ചെയ‌്തത‌്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും കോൺഗ്രസിന്റേത് അവർ പറയട്ടെ എന്നും വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്ന അഭ്യൂഹത്തെ പരാമർശിച്ച് സീതാറാം യെച്ചൂരി പറഞ്ഞു.
മറ്റ് വാഗ്‌ദാനങ്ങൾ
തൊഴിലില്ലാത്തവർക്ക‌് അലവൻസ് ലഭ്യമാക്കും.
ഭരണഘടനാപരമായ മതേതര, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കും
കർഷകർക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനം കൂടുതൽ താങ്ങുവില ഉറപ്പാക്കും
സാർവത്രിക റേഷനിലൂടെ ഒരു കുടുംബത്തിന് 35 കിലോ, അല്ലെങ്കിൽ ഒരാൾക്ക് രണ്ടുരൂപ നിരക്കിൽ ഏഴുകിലോ ഭക്ഷ്യധാന്യം നൽകും.
സൗജന്യ ആരോഗ്യപരിപാലനം.
പാർലമെന്റിലും നിയമസഭകളിലും സ്‌ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം തടയാൻ സമഗ്ര നടപടി.
സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ നിലവാരം ഉയർത്തും
വിദ്യാഭ്യാസത്തിന് ജി.ഡി.പിയുടെ ആറുശതമാനം നീക്കിവയ്‌ക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്‌കരിക്കുന്നത് അവസാനിപ്പിക്കും. പ്രതിരോധ, ഊർജ്ജ, റെയിൽവേ മേഖലകളിലെ സ്വകാര്യവത്‌കരണം പിൻവലിക്കും.
വിഭവ സമാഹരണത്തിന് അതിസമ്പന്നർക്കും കോർപറേറ്റുകളുടെ ലാഭത്തിലും നികുതി ചുമത്തും.
മൂലധന ആദായനികുതി പുനഃസ്ഥാപിക്കും.
തിരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കും.
സർക്കാർ ഏജൻസികൾ പൗരൻമാരുടെ സ്വകാര്യത നിരീക്ഷിക്കുന്നത് അവസാനിപ്പിക്കും.
സ്വകാര്യ ഡാറ്റാ ദുരുപയോഗം തടയും.
സ്വകാര്യ ടെലികോം കമ്പനികളുടെ കുത്തക അവസാനിപ്പിക്കും.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾ ഉറപ്പാക്കാൻ നിയമഭേദഗതി