ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലും റേഡിയോയിലും ഉപഗ്രഹവേധ മിസൈൽ പരീക്ഷണമായ മിഷൻ ശക്തി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് തീരുമാനമെടുക്കും. അതേസമയം ടെലിവിഷനിലും റേഡിയോയിലും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് പ്രധാനമന്ത്രിയുടെ ഒാഫീസ് അനുമതി തേടിയില്ലെന്ന് തിരഞ്ഞടുപ്പ് കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്‌തോ എന്നും ഭരണകക്ഷിക്ക് അതുവഴി പ്രയോജനം ലഭിച്ചോ എന്നതുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നാലംഗ സമിതി പരിശോധിക്കുന്നത്. സമിതിയുടെ തീരുമാനം ഇന്നുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് സന്ദീപ് സക്‌സേന അറിയിച്ചു. പ്രഖ്യാപനത്തിന് മുൻപ് പ്രധാനമന്ത്രിയുടെ ഒാഫീസ് അനുമതി തേടിയിട്ടില്ലെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാർ സ്ഥാപനങ്ങളായ ദൂരദർശനെയും ഒാൾ ഇന്ത്യാ റേഡിയോയെയും നേരിട്ട് നേരിട്ടുപയോഗിക്കാത്ത സാഹചര്യത്തിൽ അങ്ങനെ ചെയ്യാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്നും സൂചിപ്പിച്ചു.