cpi

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകിയും കാർഷിക മേഖലയ്‌ക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമുള്ള പ്രകടന പത്രിക സി.പി.ഐ പുറത്തിറക്കി. കാർഷിക ഉത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനം കൂടുതൽ താങ്ങുവില നൽകും.

കർഷകർ, വനിതകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് പ്രത്യേകം വിഭാഗങ്ങളിലായാണ് ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്. പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ ദേശീയ സെക്രട്ടറി ഡി. രാജ, ദേശീയ കൗൺസിൽ സെക്രട്ടറി അമർജീത് കൗർ, ദേശീയ എക്‌സിക്യൂട്ടിവ് അംഗം ആനി രാജ, ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേഷ് വർഷണെയ് തുടങ്ങിയവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

60 വയസു തികഞ്ഞ കർഷകർക്ക് പെൻഷൻ ഉൾപ്പെടെ സാമൂഹിക സുരക്ഷ ഉറപ്പാക്കും. സംസ്ഥാനങ്ങളിൽ കൃഷിക്കായി പ്രത്യേക ബഡ്‌ജറ്റ് സെഷൻ, കൃഷിഭൂമി പദ്ധതികൾക്കായി ഏറ്റെടുക്കുന്നത് തടയാൻ കർശന നിയമം തുടങ്ങിയവയും പ്രകടന പത്രിക ഉറപ്പു നൽകുന്നു.

മറ്റ് പ്രധാന വാഗ്‌ദാനങ്ങൾ:

സ്വാമിനാഥൻ സമിതി റിപ്പോർട്ട് നടപ്പാക്കും

കടങ്ങൾ ഒറ്റത്തവണ എഴുതിത്തള്ളി തീർപ്പാക്കൽ
കന്നുകാലി കച്ചവടത്തിനുള്ള നിയന്ത്രണം നീക്കും

യുവനയം കൊണ്ടുവരും, എല്ലാ മേഖലയിലെയും ഒഴിവുകൾ നികത്തും

തൊഴിൽ മൗലിക അവകാശമാക്കും, കരാർ വ്യവസ്ഥകളിലെ അസമത്വം ഇല്ലാതാക്കും

ഭഗത് സിംഗ് ദേശീയ തൊഴിലുറപ്പ് നിയമം കൊണ്ടുവരും

മിനിമം പെൻഷൻ 9000 രൂപ ഉറപ്പാക്കും

സ്‌ത്രീക്കും പുരുഷനും ഒരേ ജോലിക്ക് ഒരേ വേതനം

പാർലമെന്റിൽ 33%, പഞ്ചായത്തി രാജിൽ 50% സ്ത്രീ സംവരണം

ഖാപ് പഞ്ചായത്തുകളുടെ പ്രവർത്തനം നിരോധിക്കും

എല്ലാ ക്ഷേമപദ്ധതികളെയും ആധാറിൽ നിന്ന് വിമുക്തമാക്കും

പട്ടികജാതി, പട്ടികവർഗ ക്ഷേമത്തിന് ആസൂത്രണ കമ്മിഷൻ പുനഃസ്ഥാപിക്കും

ഡൽഹിക്കും പുതുച്ചേരിക്കും പൂർണ സംസ്ഥാന പദവി

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കും