ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പിക്കാൻ 50ശതമാനം വിവിപാറ്റ് സ്ളിപ്പുകൾ എണ്ണേണ്ടി വന്നാൽ തിരഞ്ഞെടുപ്പ് ഫലം ആറുദിവസം വരെ വൈകിയേക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. വിവിപാറ്റ് സ്ളിപ്പുകൾ എണ്ണുന്നത് കർശനമാക്കണെമന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികൾ നൽകിയ കേസിൽ നൽകിയ സത്യവാങ്‌മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടിംഗ് യന്ത്രത്തിൽ വോട്ടുകൾ ഉറപ്പാക്കാൻ പേപ്പർ സ്ളിപ്പുകൾ ലഭ്യമാക്കുന്ന വിവിപാറ്റ് സമ്പ്രദായം പാർലമെന്റ്, അസംബ്ളി മണ്ഡലങ്ങളിൽ 50ശതമാനത്തിൽ കൂടുതൽ നടപ്പാക്കുക പ്രായോഗികമല്ലെന്ന നിലപാടാണ് കമ്മിഷന്റേത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ടി വരും. റിട്ടേണിംഗ് ഒാഫീസർമാരുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിൽ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണാൻ പ്രത്യേക സംവിധാനം ഒരുക്കണം.
ഇപ്പോഴുള്ള സാമ്പിൾ പരിശോധനകളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റും തമ്മിൽ 99.9936ശതമാനം കൃത്യത കാണിക്കുന്നുണ്ട്. സാമ്പിളുകളുടെ എണ്ണം കൂട്ടിയാലും വിശ്വാസത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകില്ല. അതിന് ശാസ്‌ത്രീയ അടിസ്ഥാനവുമില്ല. ആകെ 10.35ലക്ഷം യന്ത്രങ്ങളിൽ നിന്ന് 479 യന്ത്രങ്ങളാണ് സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. ഇതുവരെ സാമ്പിൾ പരിശോധനകളിൽ പിഴവുകൾ കണ്ടെത്തിയിട്ടില്ല. കൂടുതൽ കൃത്യത ഉറപ്പാക്കാൻ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4125 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കും.
1500 പോളിംഗ് സ്‌റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ വോട്ടിംഗ് യന്ത്രവും വിവിപാറ്റും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ ആര്യാമ്മാ സുന്ദരം മുഖേനെ നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നു. യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് മൂന്നുതവണ മോക്ക് വോട്ടെടുപ്പ് നടത്താറുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ 1.6ലക്ഷം വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും 500 മുതൽ 1200 വോട്ടുകൾ വീതം ചെയ്‌ത് സുതാര്യത ഉറപ്പാക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.