rahul-gandhi-

ന്യൂഡൽഹി: അമേതിക്ക് പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനത്തും താൻ മത്സരിക്കുന്ന കാര്യത്തിൽ ചർച്ച നടക്കുന്നുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലും തമിഴ്നാട്ടിലും അടക്കം നടത്തിയ ധ്രുവീകരണമാണ് അത്തരത്തിലുള്ള ആലോചനയ്ക്ക് ഇടയാക്കിയതെന്നും രാഹുൽ ഒരു ഹിന്ദി പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. രണ്ടാം മണ്ഡലത്തെക്കുറിച്ച് ആദ്യമായാണ് രാഹുൽ പരസ്യമായി പ്രതികരിക്കുന്നത്.

രണ്ടാം മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യം ദക്ഷിണേന്ത്യയിൽ നിന്നാണ് വന്നത്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ സ്‌നേഹത്തിന്റെയും സദ്‌ഭാവനയുടെയും ബന്ധമാണുള്ളത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തിൽ അവരുടെ ആവശ്യത്തിൽ ന്യായമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല. അമേതിയിൽ നിന്ന് മത്സരിച്ച് യു.പിയിൽ നിന്നുള്ള പാർലമെന്റ് അംഗമായി തുടരും.

പ്രിയങ്കാ ഗാന്ധി ഇക്കുറി മത്സരിക്കാൻ സാദ്ധ്യതയില്ലെന്ന് രാഹുൽ സൂചിപ്പിച്ചു. പ്രിയങ്കയ്‌ക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പാർട്ടി പരിഗണിക്കും. തന്നോട് പ്രിയങ്ക അക്കാര്യം പറഞ്ഞിട്ടില്ല.