saravana-

ന്യൂഡൽഹി: പ്രിൻസ് ശാന്തകുമാർ കൊലക്കേസിൽ പ്രതിയായ ശരവണഭവൻ ഹോട്ടൽ ശ്രംഖല ഉടമ പി. രാജഗോപാലിന് മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജാമ്യത്തിലുള്ള രാജഗോപാലിന് കീഴടങ്ങാൻ ജൂലായ് ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ അഞ്ച് പ്രതികൾക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

2001 ഒക്‌ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ സ്വന്തമാക്കാനാണ് പ്രതി കൊലപാതകം നടത്തിയത്. രണ്ടു ഭാര്യമാരുള്ള രാജഗോപാൽ ശരവണഭവൻ മുൻ അസിസ്റ്റന്റ് മാനേജർ രാമസ്വാമിയുടെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ ശ്രമിച്ചിരുന്നു. ജീവജ്യോതിയുടെ വിവാഹ ശേഷവും രാജഗോപാൽ ശ്രമം തുടർന്നു. അതാണ് കൊലപാതകത്തിൽ കലാശിച്ചത്. 2001 ഒക്‌ടോബറിൽ ഡാനിയൽ, കാർമേഘൻ, കാശി, പട്ടുരംഗൻ എന്നിവരുടെ സഹായത്തോടെ ശാന്തകുമാറിനെ ചെന്നെൈയിൽ നിന്ന് കൊടെക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശേഷം വനത്തിൽ കുഴിച്ചു മൂടുകയായിരുന്നു. 2004ൽ പ്രത്യേക കോടതി വിധിച്ച പത്തു വർഷം കഠിന തടവ് ശിക്ഷ 2009ൽ മദ്രാസ് ഹൈക്കോടതി കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജീവപര്യന്തമായി വർദ്ധിപ്പിച്ചു.

 20കാരിയെ കല്യാണം കഴിക്കാൻ പറഞ്ഞത് ജ്യോത്സ്യൻ!

ചെന്നൈ: അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമടക്കം 20ഓളം രാജ്യങ്ങളിൽ തന്റെ ഹോട്ടൽ ശൃംഖല വികസിപ്പിച്ച ശരവണ ഭവൻ ഉടമ രാജഗോപാലിനെ കൊലപാതകത്തിന് കാരണമായ അത്യാഗ്രഹത്തിലേക്ക് നയിച്ചത് ജ്യോതിഷത്തിലും ജ്യോത്സ്യനിലുമുള്ള അന്ധമായ വിശ്വാസം! 2001 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശരവണ ഭവനിൽ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാരന്റെ ഭാര്യയായ ജീവജ്യോതിയെ സ്വന്തമാക്കാനായി ശാന്തകുമാരനെ കൊന്നുകുഴിച്ചുമൂടി എന്നതാണ് രാജഗോപാലിനെതിരായ കേസ്. ഇതിനായി എട്ട് വാടക കൊലയാളികളെയാണ് ഇയാൾ നിയോഗിച്ചത്. ശരവണഭവൻ ചെന്നൈ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരുടെ മകളുകൂടിയായിരുന്നു ജീവജ്യോതി. 20 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചാൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞ് കൂടുമെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞതിനനുസരിച്ചാണ് രണ്ട് ഭാര്യമാരുള്ള രാജഗോപാൽ ജീവജ്യോതിയെക്കൂടി വിവാഹം കഴിക്കാൻ ഒരുങ്ങിയിറങ്ങിയത്. എന്നാൽ രാജഗോപാലുമായി വിവാഹത്തിന് സമ്മതിക്കാതെ ജീവജ്യോതി ശാന്തകുമാരനെ വിവാഹം കഴിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികാരവുമായി രാജഗോപാൽ ശാന്തകുമാരനെ വകവരുത്തിയത്. വിവാഹത്തിന് ശേഷം ഇരുവർക്കും രാജഗോപാലിൽനിന്ന് നിരന്തരം ഭീഷണികളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകി രണ്ടുദിവസങ്ങൾക്കുശേഷമാണ് ശാന്തകുമാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊടൈക്കനാലിലെ വനമേഖലയായ പെരുമാൾമലയിൽ നിന്നായിരുന്നു ശാന്തകുമാരന്റെ മൃതദേഹം കണ്ടെത്തിയത്.  ജീവയുടെ നിയമപോരാട്ടം പ്രിയപ്പെട്ടവന്റെ കൊലപാതകിയെ നിയമത്തിന് മുന്നിലെത്തിക്കാൻ വർഷങ്ങൾ നീണ്ട നിയമപോരാട്ടമാണ് ജീവജ്യോതി നടത്തിയത്. സ്വന്തം സഹോദരനുൾപ്പെടയുള്ളവർ കേസിന്റെ വിവിധ ഘട്ടങ്ങളിൽ കൂറുമാറിയിട്ടും ജീവ പിടിച്ചുനിന്നു. സെഷൻസ് കോടതിയും മദ്രാസ് ഹൈക്കോടതിയും കടന്നാണ് ശാന്തകുമാരൻ വധക്കേസ് സുപ്രീംകോടതിയിലെത്തിയത്.