അധികാരമുറപ്പിക്കാൻ നിർണായകമായ 80 മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. ഏപ്രിൽ 11നും 18നുമുള്ള ആദ്യ രണ്ട് ഘട്ടങ്ങളിലായി പശ്ചിമ യു.പിയിലെ 16 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. 2014ലെ ലോക്സഭാ , 2017ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി തൂത്തുവാരിയ മേഖലയിൽ പ്രതിപക്ഷം ഒന്നിച്ച കൈരാന ഉപതിരഞ്ഞെടുപ്പോടുകൂടി കാര്യങ്ങൾ മാറിയിരിക്കുന്നു.
ബി.ജെ.പിക്കെതിരെ അഖിലേഷ് യാദവിന്റെ എസ്.പി, മായാവതിയുടെ ബി.എസ്.പി, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) എന്നിവരാണ് 2019ലെ മഹാസഖ്യം. ആർ.എൽ.ഡിക്കെതിരെ സ്ഥാനാർത്ഥിയെ നിറുത്താതെയും മറ്റിടങ്ങളിൽ ബി.ജെ.പി വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ പ്രാപ്തരായവരെ നിറുത്തിയും കോൺഗ്രസ് തന്ത്രപരമായി നീങ്ങുന്നു. ബി.ജെ.പിയെ കൈവിടുമോ പശ്ചിമ യു.പി?
പശുവിന്റെ പേരിൽ ആൾക്കൂട്ടം ക്രൂരമായി കൊന്ന അഖ്ലാഖിന്റെ ദാദ്രിയുൾപ്പെടുന്ന, കേന്ദ്രമന്ത്രി മഹേഷ് ശർമ്മയുടെ ഗൗതംബുദ്ധനഗർ, കഴിഞ്ഞതവണ രാജ്യത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷമുണ്ടായ, കേന്ദ്രമന്ത്രി ജനറൽ വി.കെ. സിംഗിന്റെ ഗാസിയാബാദ്, ആർ.എൽ.ഡിയുടെ ശക്തികേന്ദ്രങ്ങളായ, അന്തരിച്ച മുൻപ്രധാനമന്ത്രി ചൗധരി ചരൺസിംഗിന്റെ ബാഗ്പത്,യു.പിയെ മുഴുവൻ അട്ടിമറിച്ച, അതിന്റെ ചരിത്രത്തിലെ ആദ്യ ജാട്ട് - മുസ്ലിം കലാപമുണ്ടായ മുസഫർനഗർ,മഹാസഖ്യപരീക്ഷണം വിജയകരമായി ലോഞ്ച് ചെയ്ത കൈരാന, ബി.എസ്.പിക്ക് സ്വാധീനമുള്ള സഹരൻപുർ, ബിജ്നോർ, രണ്ടുതവണയായി ബി.ജെ.പിയുടെ കൈയിലുള്ള മീററ്ര് എന്നിവ ഏപ്രിൽ 11ന് ബൂത്തിലേക്ക് പോകും. നഗിന,അമ്റോഹ,ബുലന്ത്ഷെഹർ, അലിഗഡ്, ഹത്രാസ്,മഥുര, ആഗ്ര,ഫത്തേപൂർ സിക്രി എന്നിവ ഏപ്രിൽ 18നും. മഹാസഖ്യത്തിന്റെ ഭാഗമായി കൈരാനയിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ആർ.എൽ.ഡി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച തപസും ഹസൻ ഇത്തവണ എസ്.പി ടിക്കറ്റിലാണ് മത്സരിക്കുന്നത്. ജാട്ട്, മുസ്ലിം,ദളിത് വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളാണ് പശ്ചിമ യു.പിയിലുള്ളത്. ഗുജ്ജർ, വൈശ്യ, ബ്രാഹ്മണ വിഭാഗങ്ങളുമുണ്ട്. മുലായംസിംഗ് യാദവിന്റെ യാദവ സമുദായത്തിന് കിഴക്കൻ, മദ്ധ്യ യു.പിയിലാണ് സ്വാധീനം. എവിടെ ജാട്ട് അവസാനിക്കുന്നുവോ അവിടെ യാദവ് തുടങ്ങുന്നു. മഹാസഖ്യമുണ്ടായതോടെ എല്ലാവിഭാഗം നേതാക്കളും ഒറ്റ കുടക്കീഴിലായത് ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി ജാട്ടുകൾ കർഷകരും മുസ്ലിംങ്ങൾ ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമാണ്. ജാട്ടുകളും മുസ്ലിങ്ങളും ഐക്യത്തോടെ മുന്നോട്ടുപോകുന്നതാണ് യു.പിയുടെ ചരിത്രം. എന്നാൽ 2013ലെ മുസഫർനഗർ കലാപം ഐക്യത്തിലെ കറുത്ത കരടായി. ഹിന്ദു മുസ്ലിം സംഘർഷങ്ങൾ യു.പിയിൽ പലതവണയുണ്ടായിട്ടുണ്ടെങ്കിലും ജാട്ടുകളും മുസ്ലിങ്ങളും തമ്മിലൊരു കലാപം ആദ്യമായിരുന്നു. ഇതിന്റെ അലയൊലികൾ യു.പിയിൽ മുഴുവനുണ്ടായി.ഹിന്ദു മുസ്ലിം ധ്രുവീകരണത്തിന് പിന്നാലെയുണ്ടായ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യു.പിയിൽ വൻവിജയം നേടി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം ആവർത്തിക്കാനായി. കലാപത്തിന് പിന്നിലുള്ളവരെന്ന് ആരോപിക്കപ്പെട്ട ബി.ജെ.പി നേതാക്കളായ സംഗീത് സോം എം.എൽ.എയായി. സുരേഷ് റാണ മന്ത്രിയായി. സഞ്ജീവ് ബലിയാനെ 2014ൽ തന്നെ ലോക്സഭയിലെത്തിച്ച് കേന്ദ്രമന്ത്രിയാക്കി.
പശ്ചിമ യു.പിയിൽ സ്വാധീനമുള്ള, മുൻപ്രധാനമന്ത്രി ചരൺസിംഗിന്റെ മകൻ അജിത് സിംഗിന്റെ ആർ.എൽ.ഡി.ക്ക് മൂന്ന് സീറ്റ്. ബാഗ്പത്, മുസഫർനഗർ,മഥുര. കഴിഞ്ഞതവണ അജിത് സിംഗ് മൂന്നാമതായ ബാഗ്പതിൽ ഇത്തവണ മകനും മുൻ എം.പിയുമായ ജയന്ത് ചൗധരിയാണ് മത്സരിക്കുന്നത്. മുസഫർ നഗറിൽ അജിത് സിംഗും. ജാട്ടുകളുടെയും കർഷകരുടെയും പാർട്ടിയായ ആർ.എൽ.ഡി അജിത് സിംഗിനെ തന്നെ മുസഫർ നഗറിൽ മത്സരിപ്പിക്കുന്നത് ജാട്ട് മുസ്ലിം മുറിവുണക്കാൻ ലക്ഷ്യമിട്ടാണ്. അജിത് സിംഗിന്റെ നേതൃത്വത്തിലാണ് സമവായ ശ്രമങ്ങൾ. മുറിവുണങ്ങിയില്ലെങ്കിൽ ബി.ജെ.പിക്ക് നേട്ടം. സെൻസിറ്റീവ് വിഷയങ്ങൾ പറയാതെയാണ് മഹാസഖ്യ പ്രചാരണം. കർഷക പ്രശ്നങ്ങൾ,സാഹോദര്യം, ഐക്യം, യുവജന പ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവയാണ് മുഖ്യപ്രചാരണം.
തന്ത്രപരമായി കോൺഗ്രസ്
മഹാസഖ്യത്തിന്റെ വിജയമുറപ്പിക്കുന്ന തരത്തിൽ തന്ത്രപരമായാണ് പശ്ചിമ യു.പിയിൽ കോൺഗ്രസ് നിലപാട്. ബി.ജെ.പി വോട്ടുകൾ കുറയ്ക്കാൻ ഉതകുന്ന സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മീററ്റിൽ രണ്ടുതവണ എം.പിയായ രാജേന്ദ്ര അഗർവാളിനെതിരെ അതേസമുദായത്തിൽ നിന്നുള്ള മുൻ മുഖ്യമന്ത്രി ബനാരസി ദാസിന്റെ മകൻ ഹരേന്ദ്ര അഗർവാളിനെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. മണ്ഡലത്തിൽ ബനിയ സമുദായത്തിനുള്ള 2.5 ലക്ഷം വോട്ട് ഭിന്നിപ്പിക്കുകയാണ് കോൺഗ്രസ് . മഹാസഖ്യത്തിലെ യാക്കൂബ് ഖുറേഷിയുടെ (ബി.എസ്.പി) വിജയമുറപ്പിക്കുകയാണ് ലക്ഷ്യം. ഗാസിയാബാദിൽ കേന്ദ്രമന്ത്രി വി.കെ സിംഗിനെതിരെ കോൺഗ്രസിന്റെ ഡോളി ശർമ്മയാണ് മത്സരിക്കുന്നത്. സവർണ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ഗൗതംബുദ്ധ നഗറിൽ കേന്ദ്രമന്ത്രി മഹേഷ് ശർമ്മയ്ക്ക് ലഭിക്കേണ്ട സവർണ വോട്ടുകൾ ഭിന്നിപ്പിക്കാൻ താക്കൂർ സമുദായത്തിൽ നിന്നുള്ള അരവിന്ദ് കുമാർ സിംഗിനെ രംഗത്തിറക്കി. ആർ.എൽ.ഡി മത്സരിക്കുന്ന മുസഫർനഗറിൽ അജിത് സിംഗിനെതിരെയും മകൻ ജയന്ത് ചൗധരിയുടെ ബാഗ്പതിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിറുത്തിയിട്ടില്ല.
ദേശീയതയും വികസനവും ബി.ജെ.പിയും
സവർണ വോട്ടുകളും ഒ.ബി.സി വോട്ടുകളും ബി.എസ്.പിക്കൊപ്പം നിൽക്കുന്ന ചമാർ വിഭാഗക്കാരല്ലാത്ത മറ്ര് ദളിത് വിഭാഗങ്ങളും, ഒപ്പം ജാട്ട് വോട്ടിൽ ഒരുഭാഗവും ലഭിക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ദേശീയ സമരത്തിന്റെയും വിഭജനകാലഘട്ടം തൊട്ടുള്ള വർഗീയ സംഘട്ടനങ്ങളുടെയും പാരമ്പര്യമുള്ള മേഖലയിൽ അതിതീവ്ര ദേശീയത ഉയർത്തിക്കാട്ടി, ഇപ്പോൾ മഹാസഖ്യത്തിന്റെ ഭാഗത്തുള്ള വിഭാഗങ്ങളെ ഒപ്പം നിറുത്താമെന്നാണ് അവരുടെ പ്രതീക്ഷ. പുൽവാമ ഭീകരാക്രമണം,ബാലാക്കോട്ട് തിരിച്ചടി വിഷയമാണ്. പ്രതിപക്ഷം ഭീകരർക്കൊപ്പമെന്ന നിലയിലാണ് പ്രചാരണം. ഭീകരവാദവുമായി ബന്ധപ്പെടുത്തി, മീററ്റിൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ബി.എസ്.പി സ്ഥാനാർത്ഥി യാക്കൂബ് ഖുറേഷിക്കെതിരെ നടത്തിയ പ്രസംഗവും ബി.ജെ.പി നിലപാട് വ്യക്തമാക്കുന്നു. പാചകവാതക ഗ്യാസ് നൽകുന്ന ഉജ്ജ്വലയുൾപ്പെടെ കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളും ഉന്നയിക്കുന്നുണ്ട്.