ന്യൂഡൽഹി: പദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ മുൻ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ക്ഷേത്രാചാരങ്ങൾ മാറ്റാൻ ശ്രമിച്ചെന്ന് സുപ്രീംകോടതിയിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആരോപണം. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത ഹർജികളിൽ സുപ്രീംകോടതിയിൽ നടക്കുന്ന വാദത്തിനിടെയാണ് രാജകുടുംബം നിലപാട് വ്യക്തമാക്കിയത്. ജോലിഭാരം ചൂണ്ടിക്കാട്ടി ഗോപാൽ സുബ്രഹ്മണ്യം അമിക്കസ് ക്യൂറിയുടെ ചുമതല ഒഴിഞ്ഞിരുന്നു.
കോടതിയുടെ നിർദ്ദേശമില്ലാതെ നേരിട്ട് ക്ഷേത്രത്തിലെത്തി സ്വന്തം നിലയിൽ അന്വേഷണം നടത്തിയെന്നും കേരളത്തിൽ വിഷ്‌ണുക്ഷേത്രങ്ങളിൽ പതിവുള്ള പരശുരാമ പദ്ധതി അനുസരിച്ചുള്ള പൂജാവിധികളെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ക്ഷേത്ര ട്രസ്റ്റിയും രാജകുടുംബാംഗവുമായ രാമവർമയ്‌ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപാൽ ചൂണ്ടിക്കാട്ടി. നിർദ്ദേശങ്ങൾ പലതും യോഗനിദ്രയിൽ കുടികൊള്ളുന്ന പ്രതിഷ്‌ഠയ്‌ക്ക് യോജിച്ചതല്ല. രാവിലെ ക്ഷേത്രത്തിൽ ഉണർത്തുപാട്ടായി വെങ്കടേശ്വര സുപ്രഭാതം വേണമെന്ന നിർദ്ദേശം തന്ത്രി എതിർത്തു. ശ്രീകോവിലിനുള്ളിൽ ശ്രീചക്രം വയ്‌ക്കാനും ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ അനുമതിയില്ലാതെ ക്ഷേത്രത്തിനുള്ളിലെ ഭാഗങ്ങൾ പൊളിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബി കല്ലറ തുറക്കാൻ രാജകുടുംബം അനുവദിച്ചില്ലെന്ന വാദം തെറ്റാണ്. ശ്രീകോവിലിനു താഴെ സ്ഥിതി ചെയ്യുന്ന കല്ലറ തുറന്നാൽ അത് വിഗ്രഹ ചൈതന്യത്തെ ബാധിക്കും. ക്ഷേത്രത്തിൽ നിന്ന് പിരിച്ചുവിട്ടയാളെ തിരിച്ചെടുക്കാൻ നിർദ്ദേശിച്ചതും കോടതിയുടെ അനുമതി തേടാതെയാണ്. നിർദ്ദേശങ്ങൾ എതിർത്തതിനാൽ രാജകുടുംബത്തോട് അമിക്കസ് ക്യൂറിക്ക് അതൃപ്‌തിയുണ്ടായിരുന്നു. ക്ഷേത്രഭരണ സമിതിയെ മാറ്റി ഭക്തർ ഭരണം കൈകാര്യം ചെയ്യുന്ന രീതി നിർദ്ദേശിച്ചു. സാമ്പത്തിക ക്രമക്കേടുകൾ നടന്നതായുള്ള ആരോപണവും തെറ്റാണ്. രാജകുടുംബത്തോട് എതിർപ്പുള്ളവരുടെ അഭിപ്രായങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ ഉള്ളതെന്നും കൃഷ്ണൻ വേണുഗോപാൽ വാദിച്ചു. കോടതിയുടെ നിർദ്ദേശങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും രാജകുടുംബം വ്യക്തമാക്കി. ചൊവ്വാഴ്‌ച കേസിൽ വാദം തുടരും.