ന്യൂഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലത്തെ സംബന്ധിച്ച അനിശ്‌ചിതത്വം ഇന്നെങ്കിലും പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. രാഹുൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വയനാട്ടിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിലുള്ള നിരാശ മുസ്ളീം ലീഗ് പരസ്യമാക്കിയ സാഹചര്യവും കോൺഗ്രസിനു മുന്നിലുണ്ട്. അന്തിമ തീരുമാനം രാഹുൽ പറയുമെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് മുതിർന്ന നേതാക്കൾ.
പൊതുവായ വികാരം പാർട്ടി അദ്ധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും വൈകാതെ പരിഹാരമുണ്ടാകുമെന്നും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. രണ്ടാം മണ്ഡലത്തെക്കുറിച്ചുള്ള അഭിപ്രായം രാഹുൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേതിക്കു പുറമെ രണ്ടാമത് ഒരു മണ്ഡലത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുൽ പരസ്യമായി പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയിൽ മത്സരിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം വ്യക്തമാക്കി. വയനാട് അല്ലെങ്കിൽ കർണാടകയിലെ ബിദർ രണ്ടാം മണ്ഡലമായി തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
ഇന്ന് രാവിലെ ആന്ധ്രയിലും വൈകിട്ട് കർണാടകയിലും പ്രചരണം നടത്തുന്ന രാഹുൽ മനസ് തുറക്കുമെന്നാണ് നേതാക്കൾ കരുതുന്നത്. ഉച്ചവരെ ആന്ധ്രാപ്രദേശിലെ വിജയവാഡയിലും അനന്ത്പൂരിലും രാഹുൽ പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും ഒപ്പമുണ്ടാകും. വൈകിട്ട് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയ്‌ക്കൊപ്പം ബാംഗ്ളൂർ റൂറലിൽ നെലമംഗലയിലെ റാലിക്കുമുൻപ് സ്ഥാനാർത്ഥിത്വ കാര്യം അറിയാൻ കഴിഞ്ഞേക്കുമെന്നും മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നു. വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കി അവിടെ പ്രചരണത്തിന് രാഹുലിനെ എത്തിച്ച് പ്രവർത്തകരുടെ നിരാശ മാറ്റാനാകുമെന്നും കേരളത്തിലെ നേതാക്കൾ കരുതുന്നു.