raghul-gandhi

രാഹുലിന് രണ്ടാം മണ്ഡലമൊരുക്കി കേരളം പ്രഖ്യാപിച്ചത് എ.കെ. ആന്റണി

ന്യൂഡൽഹി: എട്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിനും കേരളത്തിലെ കോൺഗ്രസുകാരുടെ ആശങ്കയ്‌ക്കും വിരാമമിട്ടുകൊണ്ട്,രാജ്യം മുഴുവൻ കാത്തിരുന്ന ആ പ്രഖ്യാപനം വന്നു - കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കും. സിറ്റിംഗ് സീറ്റായ ഉത്തർപ്രദേശിലെ അമേതിക്കു പുറമെ രണ്ടാം മണ്ഡലമായാണ് വയനാട്ടിൽ മത്സരിക്കുക.

ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് നവോന്മേഷം പകരുകയും സംസ്ഥാനത്ത് ഇടത്, ബി.ജെ.പി മുന്നണികൾക്ക് അങ്കലാപ്പുണ്ടാക്കുകയും ചെയ്യുന്ന പ്രഖ്യാപനം ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ എ.കെ. ആന്റണിയാണ് നടത്തിയത്.

പ്രധാനമന്ത്രിയാകാൻ വരെ സാദ്ധ്യതയുള്ള ഒരു ദേശീയ നേതാവ് കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് ആദ്യമാണ്. രാഹുൽ ഗാന്ധിയുടെ രംഗപ്രവേശത്തോടെ കേരളവും വയനാടും ദേശീയതലത്തിലും ആഗോള തലത്തിലും ശ്രദ്ധാകേന്ദ്രമാവും.

ഇടതുപക്ഷത്തിന്റെയും സ്വന്തം ഘടകകക്ഷികളുടെയും എതിർപ്പും ബി.ജെ.പിയുടെ പരിഹാസങ്ങളും രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിന്റെ രാഷ്‌ട്രീയ ന്യായാന്യായങ്ങളെ പറ്റി വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വിവിധ തലങ്ങളിലെ ചർച്ചകളിൽ മുഴുകി ഒരാഴ്ച മനസ് തുറക്കാതിരുന്ന രാഹുൽ ശനിയാഴ്‌ച രാത്രിയാണ് സമ്മതം അറിയിച്ചതെന്നാണ് സൂചന. ഞായറാഴ്‌ച പത്രസമ്മേളനം വിളിച്ച് പ്രഖ്യാപനം ന‌ടത്താനും നിർദ്ദേശിച്ചു.

സന്തോഷ വാർത്ത

സന്തോഷകരമായ വാർത്ത അറിയിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ആന്റണി പത്രസമ്മേളനം തുടങ്ങിയത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് പ്രവർത്തകരും നേതാക്കളും ഘടകകക്ഷികളും നിരന്തരം അഭ്യർത്ഥിച്ചിരുന്നു. കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ആവശ്യം ഉയർന്നത്. അത് നേതൃത്വം ചർച്ച ചെയ്‌തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശക്തമായ ആവശ്യം അവഗണിക്കരുതെന്ന് തങ്ങളും രാഹുലിനോട് പറഞ്ഞു. തുടർന്നാണ് രാഹുൽ അഭ്യർത്ഥന സ്വീകരിച്ച് വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത്. രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മണ്ഡലമായതിനാലാണ് വയനാടിനെ പരിഗണിച്ചത്. തമിഴ്‌നാട്ടിലെ നീലഗിരി, തേനി തുടങ്ങിയ ജില്ലകളും ചാമരാജ്‌നഗർ മണ്ഡലം അടക്കം കർണാടകയിൽ മൈസൂർ ജില്ലയും അതിർത്തി പങ്കിടുന്ന വയനാട് മൂന്നു സംസ്ഥാനങ്ങളും ചേരുന്ന ജംഗ്ഷനാണെന്നും ആന്റണി വിശദീകരിച്ചു.

രാവിലെ എ.കെ. ആന്റണിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചർച്ച നടത്തിയ ശേഷമാണ് 11 മണിയോടെ പ്രഖ്യാപനം നടത്തിയത്. മുകുൾ വാസ്‌നിക്, അഹമ്മദ് പട്ടേൽ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

എതിർപ്പിന്റെ ചുരം കയറി രാഹുൽ

ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ പോർമുഖം തുറന്ന രാഹുൽ ബി. ജെ.പിയുടെ എതിരാളിയായ ഇടതുപക്ഷത്തിനെതിരെ കേരളത്തിൽ മത്സരിക്കുന്നതിന്റെ രാഷ്‌ട്രീയ നൈതികത ഉയർത്തിപ്പിടിച്ചായിരുന്നു ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പ്. ബി.ജെ.പിയുടെ പരിഹാസങ്ങളും ഉയർന്നു. യു.പി.എ ഘടകകക്ഷികളായ എൻ.സി.പിയും ജൻതാന്ത്രിക് ലോക്‌ദളും പിന്മാറാൻ രാഹുലിൽ സമ്മർദ്ദം ചെലുത്തിയതായും സൂചനകൾ വന്നു. കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര തീരുമാനത്തെ പുറത്തുള്ളവർ സ്വാധീനിക്കുന്നു എന്ന എതിർ ആക്ഷേപവും ഉയർന്നു. സ്ഥാനാർത്ഥിത്വം വൈകുന്നത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതും വയനാട്ടിൽ വലിയ സ്വാധീനമുള്ള മുഖ്യ ഘടകകക്ഷിയായ മുസ്ളിംലീഗ് അതൃപ്‌തി പരസ്യമാക്കിയതും ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കി. വിജയം ഉറപ്പായ വയനാട്ടിൽ മത്സരിച്ചില്ലെങ്കിൽ ഇടതുപാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് കേരള നേതാക്കൾ അറിയിച്ചു. ഒടുവിൽ കടമ്പകളെല്ലാം കടന്ന് രാഹുൽ തീരുമാനമെടുത്തു.

രാഹുലിന്റെ പത്രികാ സമർപ്പണം ബുധനാഴ്ച

തിരുവനന്തപുരം: വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഏപ്രിൽ 3ന് ബുധനാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുമെന്ന് സൂചന. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി മുകുൾ വാസ്‌നികിന് ആകും വയനാട്ടിൽ പ്രചരണത്തിന്റെ ചുമതല. എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയയെ സഹായിക്കാനായി ചുമതലപ്പെടുത്തിയേക്കും. എ.കെ. ആന്റണി,​ കെ.സി. വേണുഗോപാൽ എന്നിവരും കേരളത്തിലെ മറ്റ് മുൻനിര നേതാക്കളും വയനാട്ടിൽ സജീവമായി പ്രചരണത്തിലുണ്ടാകും.

വയനാട് സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ തയ്യാർ: തുഷാർ

തൃശൂർ : രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിൽ സീറ്റു മാറ്റങ്ങളെക്കുറിച്ച് അമിത് ഷാ പ്രഖ്യാപിക്കുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസിന്റെ സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ തയ്യാറാണ്. ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുകയാണെങ്കിൽ നിലവിലെ സ്ഥാനാർത്ഥിയെ മാറ്റും. ഇക്കാര്യത്തെക്കുറിച്ച് അമിത്ഷായുമായി ഫോണിൽ ബന്ധപ്പെട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ അമിത്ഷാ തീരുമാനം പ്രഖ്യാപിക്കും. രാഹുലിനെ പോലുള്ള സ്ഥാനാർത്ഥിയെ നേരിടാൻ വയനാട്ടിൽ ശക്തനായ സ്ഥാനാർത്ഥി വേണ്ടതിനാലാണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ മാറ്റുന്നത്. തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് മാറുമോ എന്നചോദ്യത്തിന് എല്ലാ കാര്യത്തിലും അന്തിമ തീരുമാനം എടുക്കേണ്ടത് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വമാണെന്നും താനിപ്പോഴും തൃശൂരിലെ സ്ഥാനാർത്ഥിയാണെന്നും തുഷാർ പറഞ്ഞു.

വയനാട്ടിൽ മുരളീധരൻ

ന്യൂഡൽഹി:വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ കാര്യത്തിലെ അനിശ്ചിതത്വം കാരണം നീട്ടിവച്ച വടകര മണ്ഡലത്തിലെ കെ.മുരളീധരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചു. സ്ഥാനാത്ഥിത്വം ഉറപ്പായതിനാൽ മുരളീധരൻ മണ്ഡലത്തിൽ പ്രചരണം തുടങ്ങിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ വന്നതോടെ മുരളീധരന് പത്രികാ സമർപ്പണത്തിനുള്ള തടസവും നീങ്ങി. സി.പി.എമ്മിന്റെ പി. ജയരാജനും ബി.ജെ.പിയുടെ വി.കെ.സജീവനുമാണ് എതിരാളികൾ.

രാഹുൽ ഗാന്ധിയെ പേടിക്കുന്നില്ല. അദ്ദേഹം വയനാട്ടിൽ മത്സരിക്കുന്നതു കൊണ്ട് യു.ഡി.എഫിന് ഒരു ചലനവും സൃഷ്ടിക്കാനാവില്ല. രാഹുലല്ല, ആരായാലും പരാജയപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. പ്രചാരണത്തിൽ വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വളരെയേറെ മുന്നിലാണ്. മാറ്റേണ്ട സാഹചര്യമില്ല. പിണറായി വിജയൻ