ak-antony

ന്യൂഡൽഹി: ഇനിയും വൈകിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന കേരള നേതാക്കളുടെ മുന്നറിയിപ്പിനെ തുടർന്നാണ് അനിശ്‌ചിതത്വം അവസാനിപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാടിന്റെ കാര്യത്തിൽ തീരുമാനം അറിയിച്ചത്.

പ്രഖ്യാപനം വൈകുന്തോറും കേരളത്തിൽ പ്രവർത്തകരുടെ ആത്മവിശ്വാസവും വയനാടിനു പുറമെ മറ്റു മണ്ഡലങ്ങളിലെ സാദ്ധ്യതകളും മങ്ങുമെന്ന് രാഹുലിനെ മുതിർന്ന നേതാക്കൾ അറിയിച്ചിരുന്നു. വയനാട്ടിൽ ഇടതിനെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണെന്ന ചില ഘടകകക്ഷികളുടെ മുന്നറിയിപ്പ് അവഗണിക്കാനും അവർ നിർദ്ദേശിച്ചു. വയനാട് വേണ്ടെന്നു വച്ചാൽ അതിന്റെ ആനുകൂല്യം കേരളത്തിൽ ഇടത് പാർട്ടിക്ക് ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് രാഹുൽ സമ്മതം മൂളിയത്. .

ഞായറാഴ്‌ച രാവിലെ പത്രസമ്മേളനത്തിന് സമയം കുറിച്ച് ശനിയാഴ്‌ച രാത്രിയോടെ മാദ്ധ്യമ വിഭാഗം അറിയിപ്പ് പുറത്തു വിട്ടു. മാദ്ധ്യമ വിഭാഗം മേധാവിയും വക്താവുമായ സുർജെവാല രാവിലെ 10.30ഒാടെ എ.ഐ.സി.സി ആസ്ഥാനത്ത് പ്രത്യേക പത്രസമ്മേളനം നടത്തുമെന്നായിരുന്നു അറിയിപ്പ്. സുപ്രധാന പ്രഖ്യപാനങ്ങൾക്കാണ് പാർട്ടി പ്രത്യേക പത്രസമ്മേളനം നടത്താറുള്ളതെങ്കിലും മറ്റു വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. ഇന്നലെ രാവിലെ പത്രസമ്മേളനം 11 മണിയിലേക്ക് മാറ്റി. 10.30ഒാടെ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും കൂടിക്കാഴ്‌ച നടത്തി. പത്രസമ്മേളനത്തിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന സൂചന ലഭിച്ചു. 11മണിക്ക് പത്രസമ്മേളനം നടക്കുന്ന ഹാളിലേക്ക് എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും വന്നപ്പോൾ മണ്ഡലം വയനാട് ആയിരിക്കുമെന്നും ഉറപ്പായി.

രാഹുലിന്റെ അനുമതി എത്ര വൈകിയാലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഞായറാഴ്‌ച കർണാടകയിലെ റാലിക്ക് പോകും മുമ്പ് തീരുമാനം വരുമെന്ന് ശനിയാഴ്‌ച സൂചന ഉണ്ടായിരുന്നു.

വയനാട്ടിൽ മത്സരിക്കാൻ രാഹുൽ താത്പര്യം പ്രകടിപ്പിച്ചതുകൊണ്ടാണ് അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ വിട്ടതും ഉമ്മൻചാണ്ടി അക്കാര്യം പരസ്യമാക്കിയതും. തുടർന്നുള്ള ദിവസങ്ങളിൽ രാഹുൽ മൗനം തുടർന്നതോടെ നേതാക്കൾ വെട്ടിലായി. ഉമ്മൻചാണ്ടിക്കു തന്നെ മലക്കം മറിയേണ്ടി വന്നു. പ്രഖ്യാപനം വന്ന സ്ഥിതിക്ക് വോട്ടർമാരെ ബോദ്ധ്യപ്പെടുത്താമെന്ന വിശ്വാസത്തിലാണ് നേതാക്കൾ.

അതേസമയം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും മുതൽ രാഹുൽ ഗാന്ധിയെ വരെ തുടർച്ചയായി ജയിപ്പിച്ച അമേതിയിൽ പാർട്ടിക്ക് വിശ്വാസം നഷ്‌ടപ്പെട്ടെന്ന ബി.ജെ.പിയുടെ വാദത്തിനും കോൺഗ്രസിന് മറുപടി പറയേണ്ടി വരും. 2014ൽ ഭൂരിപക്ഷം കുറഞ്ഞതും അന്ന് രാഹുൽ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി മണ്ഡലത്തിൽ വിപുലമായ അടിത്തറയുണ്ടാക്കിയതും ആത്മവിശ്വാസം നഷ്‌ടപ്പെടുത്തിയെന്ന വാദമാണ് ബി.ജെ.പിയുടേത്.