ന്യൂഡൽഹി:പൊലീസ് തന്റെ വീട്ടിൽ നിന്ന് തോക്കു ചൂണ്ടി 16കോടി രൂപ തട്ടിയെടുത്തതായും പണം വാഹന പരിശോധനയിൽ പിടിച്ചതല്ലെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ കൂട്ടാളിയും ഫ്രാൻസിസ്‌കൻ മിഷണറീസ് ഒഫ് ജീസസ് ഡയറക്ടർ ജനറലുമായ ഫാ. ആന്റണി മാടശ്ശേരി അറിയിച്ചു. അതേസമയം, പൊലീസിെ കണക്കിൽ പത്ത് കോടിയോളം രൂപയാണ് (9, 66, 61,700)
പിടിച്ചെടുത്തത്. ഈ തുകയുടെ കണക്കു ബോധിപ്പിക്കാൻ ആദായ നികുതി അധികൃതർ ഫാദറിന് നോട്ടീസ് നൽകിയിട്ടുണ്ട്. ബാക്കി തുകയെ പറ്റി ഫാദർ ഒന്നും പറഞ്ഞിട്ടില്ല.
ലുധിയാനയ്‌ക്കു സമീപം നടത്തിയ വാഹന പരിശോധനയിൽ പണം കണ്ടെത്തിയെന്ന ഖാനാ പൊലീസ് വാദം തള്ളിയാണ് ഫാദർ മാടശ്ശേരി തന്റെ സ്ഥാപനമായ സഹോദയുടെ പേരിലിറക്കിയ പത്രക്കുറിപ്പിൽ റെയ്ഡിന്റെ വിവരം പറയുന്നത്. സെക്യൂരിറ്റി സർവ്വീസും സ്‌കൂൾ യൂണിഫോം വിതരണവും നടത്തുന്ന സഹോദയയുടെ പേരിൽ ബാങ്കിൽ അടയ്‌ക്കാൻ വച്ചിരുന്ന പണമാണ് പൊലീസ് പിടിച്ചതെന്ന് പത്രക്കുറപ്പിൽ പറയുന്നു. 50ഓളം പേരുള്ള സംഘം എ.കെ. 47 തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായി ജലന്ധർ രൂപതയുടെ ഭാഗമായ പാർത്തപ്പുരയിലെ വസതിയിൽ അതിക്രമിച്ച് കയറി. വീട്ടിൽ സൂക്ഷിച്ചിരുന്ന 16 കോടി രൂപ കൈവശപ്പെടുത്തിയ ശേഷം തന്നെയും തട്ടിക്കൊണ്ടുപോയി. ബലം പ്രയോഗിച്ച് ചില രേഖകളിൽ ഒപ്പിടുവിച്ചു. ഖാനാ എസ്.പിയുടെ നിർദ്ദേശ പ്രകാരമാണ് റെയ്ഡെന്ന് പിന്നീട് അറിയിച്ചു. ഹവാല പണമാണെന്ന് പറഞ്ഞ് കേസെടുക്കാൻ തുനിഞ്ഞപ്പോൾ കണക്കു നൽകാമെന്ന് താൻ പറഞ്ഞു. തുടർന്നാണ് അറസ്‌റ്റു ചെയ്യാതെ വിട്ടയച്ചത്. പിന്നീട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചെന്നും ഫാദർ പറയുന്നു. റെയ്ഡിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഫാദർ വ്യക്തമാക്കുന്നു.