കൊച്ചി: കടലാസുപാതയായി ഒതുങ്ങിയ അങ്കമാലി - എരുമേലി ശബരി റെയിൽപ്പാതയ്ക്ക് 'കിഫ് ബി' കൈത്താങ്ങാകും. ചെലവിന്റെ പകുതി തുക കിഫ്ബി വഴി കണ്ടെത്താൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. 1408 കോടി രൂപ സംസ്ഥാനം മുടക്കേണ്ടിവരും. പകുതി ചെലവ് വഹിക്കാൻ സംസ്ഥാനം തയ്യാറായ സാഹചര്യത്തിൽ പദ്ധതിക്ക് ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയും വർദ്ധിച്ചു.
1998 ൽ നിർമ്മാണ അനുമതി ലഭിച്ച ശബരി പാതയ്ക്ക് ഇതുവരെ 256 കോടി ചെലവഴിച്ചിട്ടുണ്ട്. 7.5 കിലോമീറ്റർ റെയിൽപ്പാതയും കാലടി സ്റ്റേഷനും പെരിയാറിന് കുറുകെ പാലവും മാത്രമാണ് ഇതുവരെ നിർമ്മിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥലമെടുത്തിട്ടില്ല.
കേരളം 1,408 കോടി മുടക്കും
ശബരിപ്പാതയുടെ പദ്ധതി ചെലവിന്റെ പകുതിയായ 1,408 കോടി രൂപ കേരളം വഹിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളെ അറിയിച്ചു. 2,816 കോടി രൂപയാണ് പദ്ധതി ചെലവ്. റെയിൽവെയുടെ പുതിയ പദ്ധതികളിൽ കേന്ദ്രവും സംസ്ഥാനവും തുല്യമായി ചെലവ് വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 50 ശതമാനം വഹിക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചത്. കിഫ്ബി വഴി ധനസമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നത്.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗതാഗത വികസനത്തിനും സാമൂഹ്യ പുരോഗതിക്കും ശബരി റെയിൽപ്പാത നിർമ്മാണം അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
ജോയ്സ് ജോർജ് എം.പി, ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എൽദോ എബ്രഹാം എം.എൽ.എ., ആന്റണി ജോൺ എം.എൽ.എ., സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, മുൻ എം.എൽ.എ ബാബു പോൾ, ഗോപി കോട്ടമുറിക്കൽ, പി.എം ഇസ്‌മായിൽ, സി.കെ. വിദ്യാസാഗർ, ജിജോ പനച്ചിനാനി, പി.ആർ. മുരളീധരൻ, ഇ.എ റഹിം എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
പാത നിർമ്മാണം വൈകുന്നത് ഈമാസം 12 ന് 'കടലാസുപാത' എന്ന റിപ്പോർട്ടിൽ 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥലമെടുക്കാൻ നടപടി
മൂവാറ്റുപുഴ മഞ്ഞള്ളൂർ വില്ലേജ് വരെ സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് തയ്യാറായി. പഠനം പൂർത്തീകരിച്ച വില്ലേജുകളിൽ ഹിയറിംഗ് നടത്തി സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കാലടി സ്റ്റേഷൻ മുതൽ കോട്ടയം ജില്ലയിലെ രാമപുരം വരെ 70 കിലോമീറ്ററിൽ സ്ഥലം ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വർഷം അഞ്ചു കോടി രൂപ കേന്ദ്ര ബഡ്ജറ്റിൽ ലഭിച്ച പാതയ്ക്ക് ഇക്കുറി ഒരു കോടിയാണ് വിഹിതം.
ഇതുവരെ 443 കോടി രൂപയാണ് ബഡ്‌ജറ്റ് വിഹിതമായി ലഭിച്ചത്. സ്ഥലമെടുപ്പിന് കേരള റെയിൽ ഡവലപ്പ്‌മെന്റ് കോപ്പറേഷന് 51 കോടി രൂപ നൽകിയിരുന്നു.
അനുമതികൾ ബാക്കി
സതേൺ റെയിൽവെയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ 2017 സെപ്തംബറിൽ പുതുക്കിയ എസ്റ്റിമേറ്റിൽ 2,816 കോടി രൂപയാണ് ചെലവ്. പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെ ബോർഡും നീതി ആയോഗും അംഗീകാരം നൽകിയിട്ടില്ല.
പദ്ധതി യാഥാർത്ഥ്യമാക്കും
''അലൈൻമെന്റ് സംബന്ധിച്ച് കോട്ടയം ജില്ലയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി പുതിയ അലൈൻമെന്റ് സർവേ പൂർത്തിയായി. 18 വർഷമായി മുടങ്ങിക്കിടന്ന ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കും.''
ജോയ്‌സ് ജോർജ്
ഇടുക്കി എം.പി