കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ യു.ഡി.എഫിനോടും ബി.ജെ.പിയോടും യോജിച്ച് പ്രക്ഷോഭത്തിന് തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ വിമാനത്താവളം പ്രവർത്തിപ്പിക്കാമെന്ന് അദാനി വിചാരിക്കേണ്ട. കേരളസംരക്ഷണ യാത്രയുടെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളം പൊതുമേഖലയിൽ നിലനിറുത്തേണ്ടത് അനിവാര്യമാണ്. അതിനായി സർവകക്ഷി പ്രക്ഷോഭം ആവശ്യമാണ്. വിമാനത്താവളം നടത്തിപ്പിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറണം. വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെ സർക്കാർ സഹായം ആവശ്യമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അദാനി ഗ്രൂപ്പിന് മുഴുവൻ സഹായവും സർക്കാർ നൽകിയിട്ടുണ്ട്. കടലിന് പിന്നാലെ ആകാശവും പിടിച്ചെടുക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.
വിമാനത്താവളം പൊതുമേഖലയിൽ നിലനിറുത്താൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ സ്ഥാപനങ്ങൾ പോലും വിട്ടുനൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.