black-and-white-cemetery

കൊച്ചി: ചർച്ച് ബിൽ നിർമ്മിക്കാനുള്ള ശ്രമത്തിൽ നിന്ന് നിയമ പരിഷ്‌കരണ കമ്മിഷൻ പിന്മാറണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ആവശ്യപ്പെട്ടു. ബില്ലിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി സമിതി ചർച്ച നടത്തും. ബില്ലിനെതിരായ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും.

ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്നതും മതനിരപേക്ഷതയ്ക്ക് നിരക്കാത്തതും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പിന് തടസമുണ്ടാക്കുന്നതുമാണ് ബില്ലെന്ന് സമിതി വാർത്താക്കുറിപ്പിൽ പറഞ്ഞു. ദ കേരള ചർച്ച് (പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ) ബിൽ 2019 എന്ന പേരിൽ കമ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് ബില്ലിൽ സഭയുടെ പ്രതികരണം കമ്മിഷനെ അറിയിച്ചു.

കത്തോലിക്കാസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തെ സിവിൽ നിയമങ്ങളും സഭാനിയമങ്ങളും ബാധകമാണ്. നിയമലംഘനമുണ്ടായാൽ സഭാധികാരികളെയോ സിവിൽ കോടതികളെയോ സമീപിച്ച് പരിഹാരം തേടാൻ സംവിധാനമുണ്ട്.

സഭയോ വിശ്വാസികളുടെ അംഗീകൃത സംഘടനയോ പ്രസ്ഥാനമോ നിയമം ആവശ്യപ്പെട്ടിട്ടില്ല. ക്രൈസ്തവ നാമധാരികളായ വ്യക്തികളും നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ അസംതൃപ്തരും ഒറ്റപ്പെട്ടവരുമായ ചിലരുടെ ശബ്ദമാണ്. അവർ ആവശ്യപ്പെട്ടെന്ന പേരിൽ കമ്മിഷന്റെ നടപടി ആശങ്കാജനകമാണ്.

ഭരണഘടനയിലെ 26- ാം അനുച്ഛേദപ്രകാരം ഓരോ മതത്തിനും സ്ഥാപനങ്ങൾ നടത്താനും ജംഗമവസ്തുക്കളും സ്ഥാവരവസ്തുക്കളും സമ്പാദിക്കാനും നിയമാനുസൃതം ഭരിക്കാനും പരിപാലിക്കാനും അവകാശമുണ്ട്. സ്വത്തുക്കളിലും സ്ഥാപനങ്ങളിലും വിശ്വാസികളല്ലാത്തവരുടെ നിയന്ത്രണം കൊണ്ടുവരാനാണ് ശ്രമം.

വഖഫ് ബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ സംവിധാനങ്ങളിലുള്ളത് പോലെ ക്രൈസ്തവർക്കും പാടില്ലേയെന്ന ചോദ്യം യുക്തിസഹമല്ല. വഖഫ് ബോർഡും ദേവസ്വം ബോർഡുകളും സ്ഥാപിക്കപ്പെട്ട കാരണങ്ങളും സാഹചര്യങ്ങളും സഭകളുടെ കാര്യത്തിലില്ല. സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്ന ഗൂഢലക്ഷ്യം ബില്ലിന്റെ പിന്നിലുണ്ടെന്നു സംശയിക്കുന്നതായും സമിതി പറഞ്ഞു.