ldf-yathara-
കേരള സംരക്ഷണ യാത്രയ്ക്ക് പറവൂരിൽ നൽകിയ സ്വീകരണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു.

പറവൂർ : സാധാരണക്കാർക്ക് സുരക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിന്റെ കേരളസംരക്ഷണ യാത്രയ്ക്ക് പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്രമോദിക്കും ബി.ജെ.പി മന്ത്രിമാർക്കും മാത്രമാണ് രാജ്യത്തു സുരക്ഷയുള്ളത്. ഭീകരാക്രമണത്തിനെതിരെയുള്ള സൈനികനേട്ടത്തെ സ്വന്തം നേട്ടമായി കാണിക്കാനാണു മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. യുദ്ധത്തിലെ സൈന്യത്തിന്റെ നേട്ടം രാഷ്ട്രീയ നേട്ടമായി അവതരിപ്പിച്ചാൽ ജനം തള്ളിക്കളയുമെന്ന് 2004ൽ തെളിയിച്ച രാജ്യമാണ് ഇന്ത്യ.. 2019ൽ അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. ക്രൈസ്തവരോടു വിവേചനമില്ലെന്നു കാണിക്കാനാണ് അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. അദ്ദേഹത്തിന് എന്തു ചെയ്യാൻ സാധിച്ചു. ആർ.എസ്.എസിന്റെ വർഗീയത ആരു വിചാരിച്ചാലും മാറ്റാനാകില്ല.

കോൺഗ്രസുകാർ അവസരം നോക്കി കാലുമാറുന്നവരാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുന്ന കോൺഗ്രസുകാരെ ബി.ജെ.പിക്കാർ വിലയ്ക്കെടുക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരായവർ ബി.ജെ.പിയിൽ ചേർന്നിരിക്കയാണ്. മൂന്നുവർഷം പൂർത്തിയാക്കുന്ന എൽ.ഡി.എഫ് കേരളത്തിൽ അടിമുടി മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. സാമൂഹികനീതി ഉറപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരാണ് ഇടതുപക്ഷത്തിന്റേതെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. പി. രാജീവ്, എസ്. ശർമ എം.എൽ.എ, കെ. ചന്ദ്രൻപിള്ള, സി.കെ. മണിശങ്കർ, പി.ആർ. മുരളീധരൻ, സി.എൻ. മോഹനൻ, പി. രാജു, അബ്ദുൽ അസീസ്, ടി.ആർ. ബോസ്, കെ.എം. ദിനകരൻ, കമല സദാനന്ദൻ, കെ.എ. വിദ്യാനന്ദൻ, എൻ.ഐ. പൗലോസ് തുടങ്ങിയവർ സംസാരിച്ചു.