കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനീയറിംഗിലെ 74 ശതമാനം വിദ്യാർത്ഥികളും തൊഴിലിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഐ.ടി സെക്ടറിൽ സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ഒന്നാം സ്ഥാനത്താണ്. നാഷണൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
സാങ്കേതിക വിദ്യാഭ്യാസത്തിൽ ഗുണമേന്മ വർദ്ധിപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ ഏക എൻജിനീയറിംഗ് കോളേജും സ്‌കൂൾ നേടി. പത്തു വിഭാഗങ്ങളായി തിരിച്ച് നടത്തിയ തൊഴിൽ യോഗ്യത പഠനത്തിൽ ഏഴ് വിഭാഗത്തിലും സ്‌കൂൾ ഒന്നാമതെത്തി. ഐ.ടി സെക്ടർ, ഐ,ടി പ്രോഡ്ര്രക്‌സ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, സിവിൽ ഡിസൈൻ കൺസ്ട്രക്ഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ വിഭാഗങ്ങളിൽ തൊഴിൽ യോഗ്യതയും സാദ്ധ്യതയുമാണ് പഠന വിധേയമാക്കിയത്.

കുസാറ്റ് വഴി കേരളത്തിനു ലഭിച്ച നേട്ടം ദേശീയ ശരാശരിയ്ക്ക് ഒപ്പമാണെ് പഠനം വ്യക്തമാക്കുന്നു. പഠനത്തെ സാധൂകരിക്കുന്നതാണ് ഇത്തവണ കുസാറ്റിൽ നടന്ന പ്ലേസ്‌മെന്റുകൾ. നൂറോളം കമ്പനികൾ 450 വിദ്യാർത്ഥികൾക്ക് തൊഴിലവസരമൊരുക്കി. 18 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത കമ്പനികളുമുണ്ട്. തൊഴിൽ യോഗ്യത പഠനത്തിലെ ഉയർന്ന ശതമാനം കൂടുതൽ കമ്പനികളെ കുസാറ്റിലേക്ക് ആകർഷിക്കുമെന്ന് സ്‌കൂൾ ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പാൾ ഡോ. എം.പി. രാധാകൃഷ്ണ പണിക്കർ പറഞ്ഞു.