sunil

നെടുമ്പാശേരി: സ്വർണക്കള്ളക്കടത്തുകാരെ സഹായിക്കുന്നതിനിടെ കസ്റ്റംസ് ഹെഡ് കോൺസ്റ്റബിൾ പിടിയിലായി. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാർ (ഹെഡ് കോൺസ്റ്റബിൾ) എറണാകുളം കണ്ണമാലി സ്വദേശി സുനിൽ ഫ്രാൻസിസാണ് (33,സി.എക്സ്. ഫ്രാൻസിസ് ) പിടിയിലായത്. സ്വർണവുമായി വന്ന മൂവാറ്റുപുഴ സ്വദേശി അദിനാൻ ഖാലിദും പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ദുബായിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിലാണ് ഖാലിദ് അദ്നാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് ചെക്കിംഗിന് മുമ്പ് ടെർമിനലിനകത്തെ ബാത്ത്‌റൂമിൽ വച്ച് സുനിൽ ഫ്രാൻസിസിന് സ്വർണം കൈമാറി. ഇരുവരും പുറത്തിറങ്ങിയ ഉടൻ ഡി.ആർ.ഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓരോ കിലോ തൂക്കമുള്ള മൂന്ന് സ്വർണക്കട്ടികൾ സുനിലിന്റെ അടിവസ്ത്രത്തിനുള്ളി ഒളിപ്പിച്ചിരുന്നത്. ഇന്നലെ അവധിയിലായിരുന്ന സുനിൽ വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ സ്വീകരിക്കാനെന്ന പേരിലാണ് വിമാനത്താവളത്തിലെത്തിയത്. നെടുമ്പാശേരിയിൽ സ്വർണക്കടത്ത് വ്യാപകമായ സാഹചര്യത്തിൽ ഡി.ആർ.ഐ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. രണ്ട് മാസത്തിനിടെ പത്ത് കോടിയിലേറെ രൂപയുടെ സ്വർണവും പിടികൂടി. സുനിൽ ഫ്രാൻസിന്റെ കാറിൽ നിന്ന് 1.75 ലക്ഷം രൂപയും കണ്ടെടുത്തു. ഇയാളുടെ വീട്ടിലും പരിശോധന നടത്തി. പിടിയിലായ രണ്ടുപേരെയും ഇന്ന് കോടതിയിൽഹാജരാക്കും.ഇയാളെ സസ്പെന്റ് ചെയ്തതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ അറിയിച്ചു.