കൊച്ചി: സ്വന്തം ആരാധകർക്ക് മുമ്പിൽ അവസാന മത്സരമെങ്കിലും ജയിക്കാമെന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾ സഫലമായില്ല. പത്തു പേർക്കെതിരെ ഗോളടിക്കാതെ ബ്ളാസ്റ്റേഴ്സിന് ഒമ്പതാമത്തെ സമനില.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ ഐ.എസ്.എൽ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനുവുമായി കൊമ്പൻമാർ തലതാഴ്ത്തി. രണ്ടു തവണ ഫൈനൽ കളിച്ച ബ്ളാസ്റ്റേഴ്സിന്റെ അവസ്ഥയങ്ങനെ വളരെ ദയനീയമാണ്. 2015ൽ ഏറ്റവും അവസാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്. 14 ൽ മൂന്ന് മത്സരം മാത്രമാണ് ജയിക്കാനായത്. ഇത്തവണ 18 മത്സരങ്ങളിൽ ആകെയുള്ളത് രണ്ടും വിജയം മാത്രം. പ്രതിരോധത്തിന് പേരുകേട്ട ടീം ഏറ്റവും കൂടുതൽ ഗോളുകൾ (28) വഴങ്ങിയ സീസണും ഇതു തന്നെ.18 മത്സരങ്ങളും പൂർത്തിയാക്കിയപ്പോൾ രണ്ടു ജയവും ഒമ്പത് സമനിലയും ഏഴു തോൽവിയും ഉൾപ്പെടെ 15 പോയിന്റുമായി ഒമ്പതാം സ്ഥാനക്കാരായി.
ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റിന്റെ പ്രതിരോധ താരം ഗുർവീന്ദർ സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ബ്ളാസ്റ്റേഴ്സിന് മുതലാക്കാനായില്ല. മതേയ് പൊപ്ളാട്നിക്കിനെ ബോക്സിന് തൊട്ടു വെളിയിൽ ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പു കാർഡ്. ഗോളെന്നുറപ്പിച്ച ഒരാപാട് അവസരങ്ങൾ ആദ്യ പകുതിയിൽ ബ്ളാസ്റ്റേഴ്സ് തുലച്ചു. 34 ാം മിനുട്ടിൽ പെക്കൂസന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് നോർത്ത് ഈസ്റ്റിന് ഭാഗ്യമായി. ഇനി പിന്നിൽ ഒമ്പതു പോയിന്റുള്ള ചെന്നൈയിൽ എഫ്.സി മാത്രം.