ravi-pujari

കൊച്ചി : ബ്യൂട്ടി പാർലർ വെടിവ‌യ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരയെ മുഖ്യ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. എറണാകുളം പനമ്പിള്ളി നഗറിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ കഴിഞ്ഞ ഡിസംബർ 15- ന് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്ത സംഭവത്തിലാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ചൊവ്വാഴ്‌ച കുറ്റപത്രം സമർപ്പിക്കുക. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് രവി പൂജാരയ്ക്കെതിരായ കുറ്റം.

വെടിവയ്പ്പിന് ഒരുമാസം മുമ്പ് രവി പൂജാര ലീന മരിയ പോളിനെ ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് നടിയുടെ, നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലറിനു നേരെ വെടിവയ്പ്പുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള പാർലറിനു നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്തുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം നൽകാനാണ് തീരുമാനം. ആന്ധ്ര, ഗോവ, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ആക്രമണത്തിനു ശേഷം നാലു ദിവസം കഴിഞ്ഞ് രവി പൂജാര വിദേശത്തു നിന്ന് കേരളത്തിലെ വാർത്താ ചാനലിന്റെ ഒാഫീസിലേക്കു ഫോൺ ചെയ്ത് ആക്രമണം നടത്തിയത് തന്റെ അറിവോടെയാണെന്ന് പറഞ്ഞിരുന്നു. ജനുവരി അഞ്ചിന് രവി പൂജാര ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായി. ഇയാളെ വിട്ടു കിട്ടാൻ സി.ബി.ഐ മുഖേന അന്വേഷണ സംഘം ഇന്റർപോളിന് കത്തു നൽകിയിട്ടുണ്ട്.