കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യ നീക്കം കൊച്ചി നഗരസഭ പുനരാരംഭിച്ചു. അതേസമയം മാലിന്യ നീക്കം പൂർവസ്ഥിതിയിലാകാൻ മൂന്നു ദിവസം വേണ്ടിവരുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.
വെള്ളിയാഴ്ച കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യ നീക്കം നഗരസഭ പുനരാരംഭിച്ചത്. എന്നാൽ പകൽ മാലിന്യ നീക്കം നടക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ രാത്രിയിൽ മാത്രമാണ് മാലിന്യം നിറച്ച ലോറികൾ ബ്രഹ്മപുരത്തേക്ക് കടത്തിവിടുന്നത്. കളക്ഷൻ പോയിന്റുകളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരം തിരിച്ചാണ് നീക്കുന്നത്. മാർക്കറ്റുകളിലെയും പൊതു നിരത്തിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങളുമാണ് ആദ്യം നീക്കാൻ ശ്രമിക്കുന്നതെന്ന് മേയർ പറഞ്ഞു. എല്ലാ സർക്കിളുകളിലെയും തൊഴിലാളികൾ ഇതിനായി അവധി ദിവസമായ ഇന്നും പണിയെടുക്കും. തരം തിരിച്ചു മാത്രമെ മാലിന്യം നീക്കാവൂ എന്ന് തൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകിയതായി ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി പറഞ്ഞു. 22 ഹെൽത്ത് സർക്കിളുകളാണ് കൊച്ചി കോർപ്പറേഷനിൽ ഉള്ളത്.
അതേസമയം ജൈവ മാലിന്യ നീക്കം ഞായറാഴ്ചയോടു കൂടി സുഗമമാക്കാനാകുമെങ്കിലും പ്ലാസ്റ്റിക് ശേഖരിക്കുന്നത് പൂർവസ്ഥിതിയിലാകാൻ കുറച്ചു ദിവസങ്ങൾ കൂടി എടുക്കുമെന്ന് മാലിന്യ ശേഖരണത്തിനായി കരാർ എടുത്ത ലോറി ഉടമ പറഞ്ഞു. മാലിന്യ നീക്കത്തിനായി 10 കോംപാക്ട് വാഹനങ്ങളും 24 കവചിതടിപ്പറുകളും 40 ചെറിയ ടിപ്പറുകളും കോർപ്പറേഷന് സ്വന്തമായി ഉണ്ടെങ്കിലും പലതും കട്ടപ്പുറത്താണ്. പുറത്തു നിന്ന് ലോറികൾ വാടകയ്ക്ക് എടുത്താണ് മാലിന്യം നീക്കം ചെയ്യുന്നത്. കവചിതമല്ലാത്ത വാഹനങ്ങളിൽ മാലിന്യം കൊണ്ടുപോകരുതെന്ന് കളക്ടർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ ലോറികൾ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കവചിത വാഹനങ്ങളുടെ എണ്ണം കുറവായതിനാലാണ് മാലിന്യനീക്കം രാത്രിയിലേക്ക് മാറ്റിയത്
ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യം കൂന കുട്ടുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കാൻ 24 മണിക്കൂറും സെക്യുരിറ്റി ഗാർഡുകളുടെ സേവനം ഉറപ്പാക്കി. ലൈറ്റുകളും കാമറുകളും സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു.