mcpiu
വി.ബി. ചെറിയാൻ അനുസ്മരണത്തോടനുബന്ധിച്ച് ആലുവ ദേശത്ത് എം.സി.പി.ഐ (യു) സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ബഹളം വെയ്ക്കുന്നു.

കോടതി അനുമതിയോടെ സംസ്ഥാന സെന്ററിൽ ടി.എസ്. നാരായണൻ പക്ഷത്തിന്റെ പുഷ്പാർച്ചന

ആലുവ: കോടതി അനുമതിയോടെ എം.സി.പി.ഐ (യു) സംസ്ഥാന കമ്മിറ്റി ഓഫീസിൽ ടി.എസ്. നാരായണൻ മാസ്റ്റർ സെക്രട്ടറിയായ സംസ്ഥാന കമ്മിറ്റി വി.ബി. ചെറിയാന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ പ്രഭാഷണത്തിനിടെ എതിർവിഭാഗവുമായുണ്ടായ തർക്കം പൊലീസ് ഇടപെട്ട് ശാന്തമാക്കി.

സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം ഇ.കെ. മുരളി പക്ഷത്തിനാണെങ്കിലും ടി.എസ്. നാരായണൻ മാസ്റ്റർ പക്ഷത്തിന് ഇന്നലെ രാവിലെ ഒമ്പത് മുതൽ പത്ത് വരെ ദേശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെ വി.ബി.സിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനനടത്താൻ ആലുവ മുൻസിഫ് കോടതി അനുവദിച്ചിരുന്നു. പുഷ്പാർച്ചനക്ക് ശേഷം കേന്ദ്രകമ്മിറ്റിയംഗം പി.പി.സാജു സംസാരിക്കുന്നതിനിടെയാണ് ബഹളമുണ്ടായത്. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയ ശേഷം നാരായണൻ പക്ഷം പുറയാർ കവലയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ.എം.പി.ഐ നേതാവ് ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അഡ്വ. രാജാദാസ്, വി.എസ്. മോഹൻലാൽ, ശ്രീകുമാർ, ജോസ് തോമസ്, പി.പി. സാജു, വിശ്വകലാ തങ്കപ്പൻ, എം. മീതിയൻപിള്ള എന്നിവർ പ്രസംഗിച്ചു.

ഇ.കെ. മുരളി വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണം പി.ബി. അംഗം വിജയകുമാർ ചൗധരി ഉദ്ഘാടനം ചെയ്തു. ഇടത് ചിന്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന്, എൻ. പരമേശ്വരൻ പോറ്റി, കെ.ആർ. സദാനന്ദൻ, ഡി.ആർ. പിഷാരടി, വി.എസ്. രാജേന്ദ്രൻ, സി.എസ്. ശ്രീനിവാസദാസ്, കെ.സി. ജയൻ, എം.കെ. വിജയൻ എന്നിവർ സംസാരിച്ചു. വി.ബി. ചെറിയാന്റെ സഹധർമ്മിണിയും മക്കളും ചടങ്ങിൽ സംബന്ധിച്ചു.