skit

കോട്ടയം : സമൂഹത്തിലെ ഓരോ കോണിലെയും കള്ളനാണയങ്ങളെ ചോദ്യം ചെയ്ത് എസ്.എച്ച്. കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച "കള്ളൻ' സ്‌കിറ്റ് എം.ജി സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. മോഷണ കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസിയായ മധുവിന്റെ ജീവിതമായിരുന്നു കഥാ തന്തു. വലിയ മോഷണങ്ങൾ നടത്തി നിയമത്തിന് പിടികൊടുക്കാതെ ചിലർ വിലസി നടക്കുമ്പോൾ ആഹാരം മോഷ്ടിച്ച മധുവിന്റെ ജീവൻ എന്തിനെടുത്തുവെന്ന ചോദ്യമാണ് സ്‌കിറ്റ് മുന്നോട്ട് വയ്ക്കുന്നത്.
പൂമരം സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരേഷ് ആശാനാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. സോളമൻ വർഗീസ്, പ്രവീൺ ശങ്കർ, ജോർജ് ജോൺ, ജിൻസി ജോസഫ്, ഐശ്വര്യ, അനിൽകുമാർ, മാളവിക എന്നിവർ അരങ്ങിലെത്തി. മഹാരാജാസ് കോളേജ് രണ്ടാം സ്ഥാനവും ആലുവ ഭാരത് മാതാ കോളേജ് മൂന്നാം സ്ഥാനവും നേടി. സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്ത സമകാലിക വിഷയങ്ങളാണ് ഭൂരിഭാഗം പേരും അവതരിപ്പിച്ചത്.

ശബരിമല, കാർട്ടൂൺ കഥാപാത്രത്തോട് സമൂഹമാദ്ധ്യമം കാണിച്ച മമത, പ്രളയം തുടങ്ങിയവ ഇതിൽ ചിലതാണ്.