മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ പുരാതനമായ ആനിക്കാട് ചിറയുടെ നവീകരണത്തിന് ഇന്ന് തുടക്കമാകും. ചിറയുടെ നിർമ്മാണോദ്ഘാടനം ഞായറാഴ്ച വൈകിട്ട് നാലിന് ജോയ്‌സ് ജോർജ് എം.പി.നിർവ്വഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോർഡി.എൻ.വർഗീസ് സ്വാഗതം പറയും. നബാഡിന്റെ ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചിറ നവീകരണത്തിന് 2.4കോടി രൂപ അനുവദിച്ചത്.
ചെളി കോരി ആഴം വർദ്ധിപ്പിച്ച് ഭിത്തി ബലപ്പെടുത്തി ചുറ്റും നടപ്പാത നിർമിച്ച് മനോഹരമാക്കും. മലിനജലം ചിറയിലേയ്ക്ക് ഒഴുകാതിരിക്കാൻ ഓടയും നിർമിക്കും. കേരള ലാന്റ് ഡവലപ്‌മെന്റ് കോർപ്പറേഷന്റേതാണ് പ്രൊജക്ട്.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും വലുതും ഏറ്റവും പഴക്കമുള്ളതുമായ ആനിക്കാട് ചിറ നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി . രണ്ട് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ചിറ പായലും മാലിന്യങ്ങളുമായി ശോചനീയാവസ്ഥയിലാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യ കുപ്പികൾ,അറവു മാലിന്യങ്ങൾ എന്നവയടക്കം ഇവിടെ തള്ളുന്നുണ്ട്. ജില്ലയിലെ ഏറ്റവും ശുദ്ധമായ ഉറവകണ്ണികൾ ഉളള ചിറകളിൽ ഒന്നാണിത്. മുൻകാലങ്ങളിൽ ഈ ചിറയിലെ വെളളം കുടിവെളളത്തിനായി ഉപയോഗിച്ചിരുന്നു. വിവിധ സംഘടനകൾ പലഘട്ടങ്ങളിലുംചിറയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ടങ്കിലും ഇവയെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. പ്രദേശവാസികൾ എൽദോ എബ്രഹാം എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് ചിറയുടെ നവീകരണത്തിനായി ലാന്റ് ഡവലപ്‌മെന്റ് കോർപ്പറേഷനെ കൊണ്ട് ഏറ്റെടുപ്പിച്ച് നവീകരണത്തിന് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകിയത്. ആനിക്കാട് ചിറ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗമുദി വാർത്ത നൽകിയിരുന്നു