preetha-shaji

കൊച്ചി: ബാങ്ക് വായ്‌പയ്‌ക്ക് ഈട് നിന്നതിന്റെ പേരിൽ നഷ്ടമായ കിടപ്പാടം പ്രീത ഷാജിക്ക് തിരികെ കിട്ടാൻ അവസാന കടമ്പയും കടന്നു. ഹൈക്കോടതി ഉത്തരവനുസരിച്ച് ബാങ്കിന് 43,51,362.85 രൂപയുടെയും സ്ഥലം ലേലത്തിൽ വാങ്ങിയ വ്യക്തിക്ക് 1,89,000 രൂപയുടെയും ഡി.ഡി ഇന്നലെ കൈമാറി. പലിശ രഹിത വായ്പയായി പൊതുജനങ്ങൾ നൽകിയ തുകയാണിത്.

ഇടപ്പള്ളി മാനാത്തുപാടം സ്വദേശി പ്രീത ഷാജിയുടെ സ്ഥലവും വീടും എച്ച്.ഡി.എഫ്.സി ബാങ്കാണ് പിടിച്ചെടുത്തത്. സർഫാസി നിയമം അനുസരിച്ച് സ്ഥലം ലേലം ചെയ്തതോടെ പ്രീത ഷാജി പ്രക്ഷോഭം തുടങ്ങി. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പിന്തുണ നൽകിയതോടെ പ്രതിഷേധം രൂക്ഷമായി. ഇറക്കിവിടുമെന്നായപ്പോൾ ചിതയൊരുക്കി ആത്മഹത്യാ ഭീഷണി മുഴക്കിയോടെ പ്രീതയുടെ സമരം സർക്കാരിന്റെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടു.

1994ലാണ് പ്രീത ഷാജി​യുടെ ഭർത്താവ് സുഹൃത്തി​ന് വേണ്ടി​ രണ്ട് ലക്ഷം രൂപയുടെ വായ്പയ്ക്ക് ജാമ്യം നി​ന്നത്. തി​രി​ച്ചടവ് മുടങ്ങി​യതോടെ 2.30 കോടി​ കുടി​ശി​ക കണക്കാക്കി​യായി​രുന്നു ബാങ്ക് നടപടി​.

ബാങ്കിന് നൽകാനുള്ള തുകയും ലേലത്തിൽ സ്ഥലം വാങ്ങിയ വ്യക്തിക്ക് നഷ്ടവും നൽകിയാൽ 22 സെന്റ് സ്ഥലവും കെട്ടി​ടവും തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം തുക സമാഹരിച്ചത്. പ്രീതയ്ക്ക് പലിശരഹിതമായി കഴിയുന്ന തുക നൽകാനായിരുന്നു പൊതുജനങ്ങളോട് അഭ്യർത്ഥിച്ചത്. സ്ഥലം വീണ്ടെടുത്തശേഷം ഒരു ഭാഗം വിറ്റ് എല്ലാവർക്കും തുക തിരിച്ചുനൽകുമെന്ന് പ്രീത ഷാജി അറിയിച്ചു.

അഞ്ചു ദിവസം കൊണ്ടാണ് ആവശ്യമായ തുക ലഭിച്ചത്. ബാങ്കിന്റെ വിഹിതം ബാങ്കിന്റെ അഭിഭാഷകൻ ഏറ്റുവാങ്ങി. സ്ഥലം ലേലം വാങ്ങിയ വ്യക്തിയുടെ അഭിഭാഷകൻ ഡി.ഡി കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചു.

വില്ലേജ് ഓഫീസറുടെ പക്കലാണ് താക്കോലും മറ്റു രേഖകളും. ഇവ ലഭിച്ചാലേ വീട്ടിൽ തിരികെ കയറാൻ കഴിയൂ. മാനാത്തുപാടത്ത് സമരം തുടരുകയാണ് പ്രീതയും കുടുംബവും.

സർഫാസി നിയമത്തിന്റെ പേരിൽ ബാങ്കിലും റിയൽ എസ്റ്റേറ്റ് സംഘങ്ങൾക്കുമെതിരെ നടത്തിയ ത്യാഗോജ്വലമായ സമരത്തിന്റെ വിജയമാണിതെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം നേതാവ് വി.സി. ജെന്നി പറഞ്ഞു. ആവശ്യമായ തുക ലഭിച്ചതിനാൽ പ്രീതയുടെ അക്കൗണ്ടിലേക്ക് ഇനിയും തുക നിക്ഷേപിക്കരുതെന്നും ജെന്നി അഭ്യർത്ഥിച്ചു.