ആലുവ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ ബലിതർപ്പണത്തിനെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മണപ്പുറത്തെ കടവുകളിൽ നിന്നും മാലിന്യം ഇതുവരെ നീക്കിയില്ല. പെരിയാറിലേയ്ക്ക് ഇറങ്ങുന്ന കടവുകൾക്ക് താഴെ തീരങ്ങളിൽ ചെളിയും മാലിന്യവും കെട്ടിക്കിടക്കുകയാണ്. ആക്ഷേപം ഉയർന്നതിനെ തുടർന്ന് ഇന്നലെയും മാലിന്യം നീക്കാൻ ദേവസ്വം ബോർഡ് നടപടികൾ തുടരുകയാണ്.
മണപ്പുറത്തെ കാൽനടപ്പാലത്തിന് കിഴക്ക് ഭാഗത്തുള്ള കടവുകളിലാണ് മാലിന്യം കെട്ടി കിടക്കുന്നത്. പടിഞ്ഞാറ് ഭാഗത്തെ കടവുകൾ ഇതിനെ അപേക്ഷിച്ച് ഭേദമെന്ന് മാത്രമേ പറയാൻ കഴിയൂ. പത്ത് ലക്ഷത്തിലേറെ പേ
ർ തർപ്പണത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്. സാധാരണ വർഷങ്ങളിൽ ശിവരാത്രിയ്ക്ക് ഒരാഴ്ച മുൻപ് തന്നെ കടവുകൾ മോട്ടോർ ഉപയോഗിച്ച് വൃത്തിയാക്കാൻ തുടങ്ങും. ഇങ്ങനെ പലദിവസങ്ങളിലായി പലതവണ കഴുകിയാൽ മാത്രമേ കടവുകളും തീരങ്ങളും ശുചിയാക്കാൻ സാധിക്കൂ. എന്നാൽ ആറ് മാസം മുൻപ് പ്രളയത്തിന് ശേഷം ചെളി മാറ്റിയതല്ലാതെ കടവുകൾ വൃത്തിയാക്കിയിട്ടില്ല. പ്രളയത്തിൽഎത്തിയ മുളംകുറ്റികളും മറ്റ് വലിയ മാലിന്യങ്ങളും ഇപ്പോഴും കടവുകളുടെ പല ഭാഗങ്ങളിലും കെട്ടികിടക്കുന്നുണ്ട്.
വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പാറപ്പൊടി കൊണ്ടുള്ള പ്ലാസ്റ്റിക് ചാക്കുകൾ വിരിക്കുന്നുണ്ട്.