ആലുവ: ചരിത്രപ്രസിദ്ധമായ മഹാശിവരാത്രിയ്ക്ക് ആലുവ മണപ്പുറം ഒരുങ്ങി. ആലുവ മണപ്പുറത്തേക്കും അദ്വൈതാശ്രമത്തിലേക്കും നാളെ ഭക്തലക്ഷങ്ങൾ ഒഴുകിയെത്തും. നാളെ രാത്രി പത്തിന് ആരംഭിക്കുന്ന ബലിതർപ്പണം കുംഭമാസത്തിലെ വാവ് ആറിനായതിനാൽ ആറാം തീയതി ഉച്ച വരെ നീളും.
പിതൃമോക്ഷപ്രാപ്തിക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷകണക്കിന് വിശ്വാസികളാണ് പെരിയാർ തീരത്ത് തർപ്പണത്തിനെത്തുക. തിങ്കളാഴ്ച രാത്രി വ്രതമെടുത്ത് പഞ്ചാക്ഷരീമന്ത്രം ചൊല്ലി മണപ്പുറത്ത് ഉറക്കമൊഴിച്ച് ചൊവ്വാഴ്ച പുലർച്ചെ ബലിയിട്ട് മടങ്ങും.
മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും മറുകരയിൽ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലുമാണ് ബലി തർപ്പണം. പെരിയാറിന്റെ ഇരുകരകളിലുമായി പത്ത് ലക്ഷത്തോളം പേർ ബലിയിടുമെന്നാണ് കരുതുന്നത്.
നൂറ് കണക്കിന് ബലിത്തറകൾക്ക് ദേവസ്വം ബോർഡ് അനുമതി നൽകി കഴിഞ്ഞു. 75 രൂപയാണ് ഫീസ്. അദ്വൈതാശ്രമത്തിൽ ഒരേ സമയം രണ്ടായിരം പേർക്ക് തർപ്പണം നടത്താം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കുളിക്കടവുകൾ ക്രമീകരിച്ചിട്ടുണ്ട്. 60 രൂപയാണ് ഇവിടെ ഫീസ്.
പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രിയാണിത്. പ്രളയത്തിൽ മണപ്പുറത്തെ അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് ഇവ പഴയ പടിയാക്കിയത്.
കഴിഞ്ഞ രണ്ട് വർഷത്തേതു പോലെ ഹരിത ശിവരാത്രിയാണ് ഇത്തവണയും. ശിവരാത്രിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളക്കും ദൃശ്യോത്സവത്തിനും നഗരസഭ ആതിഥേയത്വം വഹിക്കും. മണപ്പുറത്ത് എത്തുന്നവർക്കും സാധന സാമഗ്രികൾക്കുമായി 1.5 കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മണപ്പുറത്തെ താത്കാലിക നഗരസഭ ഓഫീസിൽ തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രത്യേക കൗൺസിൽ യോഗം ചേരും.