കൊച്ചി: പരീക്ഷകളിൽ റാങ്കുകൾ അടക്കിവാഴുന്ന ചരിത്രം ഇക്കുറിയും പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് തെറ്റിച്ചില്ല. എം.ജി സർവകലാശാലയുടെ എൽ.എൽ.ബി ത്രിവത്സര, പഞ്ചവത്സര പരീക്ഷകളിൽ വീണ്ടും ഒന്നാം റാങ്കുകൾ ശ്രീനാരായണ ഗുരുദേവന്റെ പാദസ്‌പർശമേറ്റ പൂത്തോട്ടയിലെ മണ്ണിലേക്ക് പടികയറിവന്നു.
എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിൽ 2012ൽ കോളേജ് ആരംഭിച്ച് 2015ൽ ആദ്യബാച്ച് ഇറങ്ങിയതുമുതൽ ഇത് തന്നെയാണ് ചരിത്രം.
പഠന മികവിൽ മാത്രം ശ്രദ്ധയൂന്നിയുളള പ്രവർത്തനങ്ങളാണ് ഈ ഗ്രാമത്തിലെ കോളേജിനെ എന്നും മുന്നിൽ നിറുത്തുന്നത്. അതിനായി മാനേജ്മെന്റും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടാണ്.
ഇക്കുറി എൽ.എൽ.ബി ത്രിവത്സര പരീക്ഷയിൽ വി.ബി. കൃഷ്ണേന്ദുവും പഞ്ചവത്സര പരീക്ഷയിൽ ബിജില മേരി ബിജോയുമാണ് റാങ്കുകൾ സ്വന്തമാക്കിയത്.
ചുരുങ്ങിയകാലം കൊണ്ടുതന്നെ വിപുലമായ നിയമലൈബ്രറി കോളേജിൽ സ്ഥാപിക്കപ്പെട്ടു. എല്ലാ മാസവും ലീഗൽ ക്ളിനിക്കുകളും മീഡിയേഷൻ ക്യാമ്പുകളും ഉൾപ്പടെയുള്ള സാമൂഹ്യസേവന പദ്ധതികളും നടപ്പാക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചുള്ള എസ്.എൻ.എൽ.സി ലാ ജേണൽ പതിവായി പ്രസിദ്ധീകരിക്കുന്നു. ബി.എ. എൽ.എൽ.ബി., ബി.ബി.എ എൽ.എൽ.ബി., ത്രിവത്സര എൽ.എൽ.ബി എന്നിങ്ങനെ മൂന്നു ബാച്ചുകളിലായി 900 ഓളം വിദ്യാർത്ഥികളാണ് കോളേജിലുള്ളത്. പ്രിൻസിപ്പൽ കെ.വി.മോഹനനും മാനേജർ എ.ആർ.അ ജിമോനുമാണ് കോളേജിന്റെ സാരഥ്യം വഹിക്കുന്നത്. ഫോൺ: 0484-2794377, 9447739156