ആലുവ: ശിവരാത്രിയുടെ ഭാഗമായി മണപ്പുറം മാത്രമല്ല, നഗരവും ദീപപ്രഭയിലാണ്. പ്രളയബാധിതരായ കച്ചവക്കാർ സംഘടിപ്പിച്ചിട്ടുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയുടെ ഭാഗമായി കൂടിയാണ് ബൈപ്പാസ്, ബാങ്ക് കവല, പാലസ് റോഡ്, അദ്വൈതാശ്രമം, മാർക്കറ്റ് റോഡിൽ ഫയർഫോഴ്സ് കവല വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ദീപാലംകൃതമാക്കിയത്. മാർച്ച് 16 വരെയാണ് വ്യാപാരമേള. ശിവരാത്രികൂടി കണക്കിലെടുത്ത് പ്രളയബാധിതരായ കച്ചവടക്കാർ നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്കും ദീപാലംകൃതമാണ്.
പൊലീസ് കൺട്രോൾ റൂം ഇന്ന് തുറക്കും
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ആരംഭിക്കുന്ന പൊലീസ് കൺട്രോൾ റൂം ഇന്ന് രാവിലെ പത്ത് മുതൽ പ്രവർത്തനം ആരംഭിക്കും. മണപ്പുറത്തെ ശിവരാത്രി വ്യാപാരോത്സവം അവസാനിക്കുന്നത് വരെ പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും.
കെ.എസ്.ആർ.ടി.സി: 30 ശതമാനം നിരക്ക് വർദ്ധന
ആലുവ: ശിവരാത്രി പ്രമാണിച്ച് നടത്തുന്ന സർവീസുകൾക്ക് 30 ശതമാനം നിരക്ക് വർദ്ധന കെ.എസ്.ആർ.ടി.സി നടപ്പിലാക്കി. ഇന്ന് വൈകിട്ട് മുതൽ നാളെ രാവിലെവരെയാണ് നിരക്ക് പ്രാബല്യത്തിൽ വരിക. ഇതനുസരിച്ച് കുറഞ്ഞ നിരക്ക് എട്ട് രൂപ എന്നതിന് പകരം 11 രൂപയാകും. ആലുവ - പറവൂർ നിരക്ക് 18ൽ നിന്ന് 26 രൂപയാകുമെന്ന് ആലുവ ഡിപ്പോ അറിയിച്ചു. ആലുവയിൽ നിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ബസുകളിലെ യാത്രക്കാരാണ് ഈ തുക നൽകേണ്ടി വരിക. ശബരിമല സ്‌പെഷ്യൽ ബസുകൾക്ക് ഈ നിരക്കായിരുന്നു. ഇതേരീതി എല്ലാ ഉത്സവകാലത്തും നടപ്പിലാക്കാനാണ് നിർദ്ദേശമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വഴിയോര കച്ചവടങ്ങൾക്ക് നിരോധനം, നയാചകനിരോധന മേഖല
ആലുവ: മണപ്പുറത്തുള്ള ക്ഷേത്രത്തിൽ നിന്നും അമ്പത് മീറ്റർ ചുറ്റളവിൽ വഴിയോരകച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. നഗരസഭ പരിധി യാചക നിരോധന മേഖലയാണ്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെയുള്ള ബോട്ട് പട്രോളിംഗുണ്ടാകും. ആംബുലൻസ് സർവ്വീസ് മെഡിക്കൽ ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും.
സാമൂഹ്യവിരുദ്ധരെ ഒഴിവാക്കുന്നതിനായി നിരീക്ഷണത്തിന് സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ആലുവ റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്, പ്രത്യേകമായി പൊലീസിനെ വിന്യസിക്കും. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മണപ്പുറത്ത് വാച്ച് ടവറുകളിൽ പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. മണപ്പുറത്തേയ്ക്ക് ബലിയിടുന്നതിന് പോകുന്ന ഭക്തജനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ അമിതമായ തിരക്ക് ഒഴിവാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണം.
ഇന്നും നാളെയും മദ്യ നിരോധനം
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ഇന്നും നാളെയും നഗരസഭ പരിധിൽ മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചു.
"കേരളകൗമുദി' സ്റ്റാൾ
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് 'കേരളകൗമുദി' ആലുവ അദ്വൈതാശ്രമത്തിൽ പ്രത്യേക സ്റ്റാൾ തുറക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ സ്റ്റാൾ ഉദ്ഘാടനം ചെയ്യും. ശിവരാത്രി പതിപ്പിന്റെ പ്രകാശനം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ നിർവഹിക്കും. സ്റ്റാളിൽ നിന്നും കേരളകൗമുദിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും ലഭിക്കും.
മീഡിയ സെന്റർ
ആലുവ: ആലുവ മീഡിയ ക്ളബിന്റെ നേതൃത്വത്തിൽ ശിവരാത്രി മണപ്പുറത്ത് മീഡിയ സെന്റർ തുറക്കും. ഇന്ന് രാവിലെ പത്തിന് പ്രവർത്തനം ആരംഭിക്കും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുക്കും. . മണപ്പുറത്തെ താത്കാലിക നഗരസഭ ഓഫീസിന് എതിർവശമാണ് മീഡിയ സെന്റർ പ്രവർത്തിക്കുക.
'നയനാമൃതം' ഇന്നും നാളെയും
ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ സക്ഷമ ആലുവ മണപ്പുറത്ത് സംഘടിപ്പിക്കുന്ന മെഗാ നേത്രപരിശോധന ക്യാമ്പ് 'നയനാമൃതം' ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ ഒമ്പതിന് മാതാ അമൃതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. സക്ഷമ ജില്ലാ പ്രസിഡന്റ് പി. സുന്ദരം അദ്ധ്യക്ഷത വഹിക്കും. അമൃതയുടെ 50 അംഗ മെഡിക്കൽ സംഘമാണ് സൗജന്യ സേവനം നൽകുക.
ഭക്തജനങ്ങളോട് നഗരസഭക്ക് അവഗണനയെന്ന് ബി.ജെ.പി
ആലുവ:ശിവരാത്രിയോടനുബന്ധിച്ച് നഗരത്തിലെത്തുന്ന ലക്ഷക്കണക്കിന് വരുന്ന ഭക്തജനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്ന് ബി.ജെ.പി ആരോപിച്ചു.
നഗരത്തിലെ തെരുവുവിളക്കുകൾ കത്തിക്കുന്നതിൽ നഗരസഭാ അധികാരികൾ അലംഭാവം കാണിക്കുകയാണെന്നും പല തവണ നഗരസഭ കൗൺസിലിൽ വിഷയം ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നഗരസഭ കൗൺസിലറും ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റുമായ എ.സി. സന്തോഷ് കുമാർ ആരോപിച്ചു. ശിവരാത്രിയ്ക്ക് മുമ്പ് തെരുവ് വിളക്ക് കത്തിക്കുമെന്ന് പറഞ്ഞെങ്കിലും ഇതും പാലിച്ചില്ല. നഗരം മിക്കവാറും ഇരുട്ടിൽ തന്നെയാണ്. വലിയ ഹാലജൻ ലാമ്പുകൾ ഇട്ടിരുന്ന സ്ഥലങ്ങളിൽ എൽ.ഇ.ഡി ലാമ്പുകൾ സ്ഥാപിച്ചെങ്കിലും വെളിച്ചമില്ലാത്ത അവസ്ഥയാണ് . റെയിൽവെ സ്റ്റേഷൻ മുതൽ പമ്പ് കവല വരെ ഇരുട്ടിൽ തന്നെ. അദ്വൈതആശ്രമ പരിസരവും ഇരുട്ടിലാണ്. ആശ്രമ അധികൃതർ ഇതുമൂലം സ്വന്തം ചെലവിൽ ലൈറ്റ് ഇടേണ്ട അവസ്ഥയിലാണ്. . ശുചീകരണ പ്രവർത്തനവും അവതാളത്തിലാണ്. പ്രധാന നടപ്പാതകളിൽ മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും സന്തോഷ് കുമാർ ആരോപിച്ചു.