മൂവാറ്റുപുഴ: മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലി സെൻസസിന് മൂവാറ്റുപുഴയിൽ തുടക്കമായി. പരിശീലനം പൂർത്തിയാക്കിയ 146 ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരാണ് കണക്കെടുപ്പിനെത്തുക. എല്ലാ വീടുകളിലും വിവരശേഖരണം നടത്തും. ഡിജിറ്റൽ വിവരശേഖരണമാണ് ഇക്കുറി. ശേഖരിക്കുന്ന വിവരങ്ങൾ ജിയോ മാപ്പ് ഉൾപ്പെടെ അപ്പപ്പോൾ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യും.വളർത്തുമൃഗങ്ങൾ, കോഴികൾ, ഇവയുടെ ഇനം, മത്സ്യക്കൃഷി, മത്സ്യബന്ധനം, അനുബന്ധ പ്രവർത്തനങ്ങൾ, കന്നുകാലി, പൗൾട്രി, കർഷകരുടെ ആധാർ നമ്പർ, ഇൻഷ്വറൻസ് വിവരങ്ങൾ, ബയോമെട്രിക് കാർഡ് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ ശേഖരിക്കും. എല്ലാ കുടുംബങ്ങളിലെയും അംഗങ്ങളുടെ തൊഴിൽ, കൈവശ കാർഷിക ഭൂമി, വിദ്യാഭ്യാസ യോഗ്യത, വരുമാനം തുടങ്ങിയ വിവരങ്ങളും സമാഹരിക്കും. തെരുവുനായ്ക്കളുടെയും അലഞ്ഞുതിരിയുന്ന മറ്റു മൃഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കും. ഇതര സംസ്ഥാനങ്ങളിൽ ഒക്‌ടോബർ – ഡിസംബർ മാസങ്ങളിൽ പൂർത്തിയാക്കിയ സെൻസസ് പ്രളയം മൂലമാണ് കേരളത്തിൽ നീണ്ടുപോയത്. 2012 ലാണ് അവസാനമായി കന്നുകാലി സെൻസസ് നടന്നത്. പായിപ്ര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കന്നുകാലി സെൻസസ് എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ വീട്ടിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സെൻസസ് ആരംഭിച്ചത്. ഡോ. ലീന പോൾ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ റെജി പോൾ, ശീതൾ, എലിസബത്ത്, ജീവൻ എന്നിവർ പങ്കെടുത്തു.